India - 2024

മാർ ജോസഫ് പവ്വത്തിൽ സഭയുടെ ഉഷകാല നക്ഷത്രം: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 19-03-2024 - Tuesday

ചങ്ങനാശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ സൂര്യോദയം പ്രഖ്യാപിക്കാൻ കടന്നുവന്ന ഉഷകാല നക്ഷത്രമാണെന്ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാർ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന അനുസ്മരണ വിശുദ്ധകുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. സീറോമലബാർ സഭയുടെ നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുക്കുന്നതിനൊപ്പം ഭാരതത്തിലും ലോകത്താകമാനവുമുള്ള സഭയുടെ വളർച്ചയ്ക്കു പിന്നിലും കർമധീരതയോടെ മാർ പവ്വത്തിൽ പ്രവർത്തിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെയും ചങ്ങനാശേരി അതിരൂപതയുടെയും വളർച്ചയ്ക്കു പിന്നിൽ കർമയോഗിയായ മാർ പവ്വത്തിലിൻ്റെ കഠിനാധ്വാനങ്ങളാണെന്നും അദ്ദേഹത്തിൻ്റെ ജീവിതപരിമളം സീറോമലബാർ സഭയുടെ സുഗന്ധമാണെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ മാത്യു അറയ്ക്കൽ, അതിരൂപതയിലെ വൈദികർ എന്നിവർ വിശുദ്ധകുർബാനയ്ക്കു സഹകാർമികരായിരുന്നു.


Related Articles »