News - 2024

രക്തസാക്ഷികളായ മിഷ്ണറിമാരെ അനുസ്മരിച്ച് റോമില്‍ ജാഗരണ പ്രാർത്ഥന

പ്രവാചകശബ്ദം 21-03-2024 - Thursday

വത്തിക്കാന്‍ സിറ്റി: രക്തസാക്ഷികളായ മിഷ്ണറിമാരെ അനുസ്മരിച്ച് മാര്‍ച്ച് ഇരുപത്തിയാറാം തീയതി റോമില്‍ പ്രത്യേക ജാഗരണ പ്രാർത്ഥന നടത്തും. റോമിലെ ടൈബർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്കയിൽവെച്ചായിരിക്കും പ്രാര്‍ത്ഥന നടക്കുകയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോം വികാരിയാത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന മാര്‍ച്ച് ഇരുപത്തിയാറാം തീയതി വൈകുന്നേരം 6.30നു ആരംഭിക്കും.

അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ നേതൃത്വം നൽകും. കത്തോലിക്ക രക്തസാക്ഷികൾക്ക് പുറമെ, ക്രിസ്തു വിശ്വാസത്തിനും സുവിശേഷത്തിനും വേണ്ടി ജീവൻ ബലികഴിച്ച ഓർത്തഡോക്സ്, ആംഗ്ലിക്കൻ, സഭകളിലെയും ഇവാഞ്ചലിക്കൽ സമൂഹത്തിലെ അംഗങ്ങളെയും പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കും. 20, 21 നൂറ്റാണ്ടുകളിലെ രക്തസാക്ഷികളെ പ്രത്യേകം അനുസ്മരിക്കുന്ന ബസിലിക്കയാണ് വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്ക. നിരവധി തീർത്ഥാടകര്‍ ദിവസവും ഈ ബസിലിക്ക സന്ദർശിച്ചു പ്രാർത്ഥിക്കുവാന്‍ എത്തുന്നുണ്ടെന്നതു ശ്രദ്ധേയമാണ്.

മിഷ്ണറി രക്തസാക്ഷികളുടെ ദിനമായി മാര്‍ച്ച് മാസം ഇരുപത്തിനാലാം തീയതിയാണ് ആചരിക്കുന്നത്. 1980 മാർച്ച് ഇരുപത്തിനാലാം തീയതി എൽ സാൽവദോറിലെ മെത്രാനായിരുന്ന വിശുദ്ധ ഓസ്കാര്‍ റൊമെറോ, 1980 മാർച്ച് ഇരുപത്തിനാലാം തീയതിയാണ് ദിവ്യബലിയർപ്പണത്തിനിടെ അക്രമികളാൽ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് അന്നേദിവസം രക്തസാക്ഷികളായ മിഷ്ണറിമാരെ ഓർക്കുവാനും, അവർക്കായി പ്രാർത്ഥിക്കുവാനും സഭ തീരുമാനിച്ചത്.


Related Articles »