News - 2025
ഭാരത സഭ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
പ്രവാചകശബ്ദം 22-03-2024 - Friday
ബാംഗ്ലൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഇന്ന് മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ഭാരത കത്തോലിക്കാ സഭ ആചരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വൈവാർഷിക അസംബ്ലിയുടെ സമാപനത്തില്‍ ആഹ്വാനം നല്‍കിയിരിന്നു. മതധ്രുവീകരണം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സിബിസിഐ പ്രസ്താവിച്ചിരിന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് ഇന്നത്തെ പ്രാര്‍ത്ഥനാദിനം.
ഭാരതസഭയുടെ 14 റീജണുകൾ, 174 രൂപതകൾ, ദേവാലയങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ, സന്യസ്‌ത സഭകൾ, അല്‌മായ സംഘടന കൾ, ഭക്തസംഘടനകൾ, സഭാ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളും രാജ്യത്തിനായുള്ള പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരും. ദേവാലയങ്ങളില്‍ ദിവ്യകാരുണ്യ ആരാധന, ജപമാല, കരുണ കൊന്ത, കുരിശിന്റെ വഴി എന്നിവ ഒരുക്കുന്നുണ്ട്.
സിബിസിഐയുടെ ആഹ്വാനപ്രകാരം ഇന്നു നടക്കുന്ന രാജ്യത്തിനായുള്ള പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരുവാൻ ക്രൈസ്‌തവ വിശ്വാസിസമൂഹത്തോട് സിബിസിഐ ലെയ്‌റ്റി കൗൺസിൽ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യനും അഭ്യർത്ഥിച്ചു. രാജ്യത്തു സമാധാനവും ഐക്യവും കാത്തുസൂക്ഷിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണിൽ നിലനിർത്തപ്പെടണം. പരസ്‌പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേ ശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കാനുമാണ് ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
