News

പുതുതായി രൂപീകരിച്ച നൈജീരിയന്‍ രൂപതയില്‍ ഈസ്റ്ററിന് മാമ്മോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേര്‍

പ്രവാചകശബ്ദം 05-04-2024 - Friday

കടൂണ: നൈജീരിയയിലെ കറ്റ്‌സിന കത്തോലിക്കാ രൂപതയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് എഴുനൂറിലധികം പേര്‍. ഏപ്രിൽ 3 ബുധനാഴ്ച, എസിഐ ആഫ്രിക്കയ്ക്കു നല്‍കിയ അഭിമുഖത്തിൽ, ബിഷപ്പ് ജെറാൾഡ് മാമ്മൻ മൂസയാണ് രൂപതയിലെ കൂട്ട ജ്ഞാനസ്നാനത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നാണ് ഫ്രാന്‍സിസ് പാപ്പ കടൂണ പ്രോവിന്‍സിന് കീഴില്‍ കറ്റ്‌സിന രൂപത രൂപീകരിച്ചത്. രൂപതയുടെ ആദ്യമായുള്ള ഈസ്റ്റര്‍ ആഘോഷത്തിനിടെ ഇത്രയധികം പേര്‍ വിശ്വാസത്തിലേക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിടുന്ന ആക്രമണങ്ങളുടെ വർദ്ധനവിനിടെയാണ് എഴുനൂറിലധികം പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഒരു രൂപത എന്ന നിലയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ നിറഞ്ഞ വെല്ലുവിളികൾക്കിടയിലും എഴുനൂറിലധികം ആളുകൾ മാമോദീസ സ്വീകരിച്ച് വിശുദ്ധ കുർബാന സ്വീകരിച്ചു. അത് അവിശ്വസനീയമായ ഒരു സംഖ്യയാണ്. ഇത് നമ്മോട് പറയുന്നത് ദൈവം പ്രവർത്തിക്കുന്നുവെന്നാണ്. വിദൂര സ്ഥലങ്ങളിൽ പോലും, ക്രൈസ്തവര്‍ ന്യൂനപക്ഷം ആണെന്നു നിങ്ങൾ കരുതുന്ന സ്ഥലങ്ങളിൽ പോലും, ദൈവം പ്രവർത്തിക്കുന്നു. ഈ വിളവെടുപ്പിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. കാലക്രമേണ, ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുവാന്‍, സ്നാനമേൽക്കാൻ കൂടുതൽ ആളുകൾ ഞങ്ങൾക്കുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തങ്ങളുടെ വിശ്വാസത്തോട് കൂടുതൽ പ്രതിബദ്ധതയുള്ള ധാരാളം ആളുകൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഷപ്പ് മൂസ 'എസിഐ ആഫ്രിക്ക'യോട് പറഞ്ഞു.

സംസ്ഥാനത്തിൻ്റെ തെക്കൻ ഭാഗത്ത്, അക്രമികളുടെ ഭീഷണിയെ തുടര്‍ന്നു ഇതിനകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നോമ്പുകാലത്ത് കറ്റ്‌സിന സംസ്ഥാനത്തെ പ്രാദേശിക സർക്കാരുകളിൽ നിന്ന് കുടിയിറക്കപ്പെട്ട 45 കുടുംബങ്ങളെ താൻ സന്ദർശിച്ചിരിന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. പലായനം ചെയ്തവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. എങ്കിലും അരക്ഷിതാവസ്ഥയുടെ വെല്ലുവിളി ഇപ്പോഴും നിലനിൽക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം ക്രൈസ്തവ വിരുദ്ധ പീഡനവും അക്രമവും രൂക്ഷമായ നൈജീരിയയില്‍ പ്രതിസന്ധികളെ അതിജീവിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് കാറ്റ്‌സിന രൂപതയിലെ കൂട്ട ജ്ഞാനസ്നാന വാര്‍ത്തയിലൂടെ പുറത്തുവരുന്നത്.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »