News - 2025

ദൈവകരുണയുടെ തിരുനാളിന് കിരണങ്ങളെ സൂചിപ്പിച്ച് പാലം അലങ്കരിച്ച് ഫിലിപ്പീന്‍സ് നഗരം

പ്രവാചകശബ്ദം 08-04-2024 - Monday

മനില: ദൈവകരുണയുടെ തിരുനാളിനോട് അനുബന്ധിച്ച് ഫിലിപ്പീന്‍സില്‍ സെബു നഗരത്തില്‍ നടത്തിയ വൈദ്യുത അലങ്കാരം ശ്രദ്ധേയമായി. ദൈവകരുണയുടെ ചിത്രത്തിലെ ചുവപ്പും വെള്ളയും പ്രത്യേകം തെരഞ്ഞെടുത്ത് അവ പാലത്തില്‍ അലങ്കരിച്ചായിരിന്നു ഫിലിപ്പീൻസിലെ അഞ്ചാമത്തെ വലിയ നഗരമായ സെബു നഗരത്തിലെ ആഘോഷം. സെബു-കോർഡോവ ലിങ്ക് എക്‌സ്‌പ്രസ്‌വേയാണ് ദൈവകരുണയുടെ ചിത്രത്തില്‍ യേശുവിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കിരണങ്ങളെ സൂചിപ്പിച്ചു ചുവപ്പും വെള്ളയും നിറം ഉപയോഗിച്ച് പ്രകാശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സിന്റെ ദൈവകാരുണ്യ ഭക്തി വിളിച്ചോതുന്നതായിരിന്നു അലങ്കാരം.



സെബു-കോർഡോവ ലിങ്ക് എക്‌സ്‌പ്രസ്‌വേ സെബു നഗരത്തെ മക്‌ടാൻ ദ്വീപിലെ കോർഡോവ നഗരവുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പാലമാണ്. 2022-ൽ ആണ് ഈ പാലത്തിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയത്. ഫിലിപ്പീന്‍സിന്റെ ക്രിസ്തീയ പാരമ്പര്യം വിളിച്ചോതി എട്ട് കുരിശുകള്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സസ്പെൻഷൻ കേബിളുകൾക്ക് കുറുകെയുള്ള ചുവന്ന ലൈറ്റുകൾ കൊണ്ട് പാലത്തിന് താഴെയുള്ള രണ്ട് പ്രധാന തൂണുകൾ ദൃശ്യമായിരിന്നു. രണ്ട് പ്രധാന തൂണുകളുടെ പകുതിയോളം മുകളിലേക്ക്, കുരിശിൻ്റെ ആകൃതിയില്‍ വെളുത്ത ലൈറ്റുകളും അനേകരെ ആകര്‍ഷിച്ചു. രാത്രിയില്‍ പ്രകാശം വെള്ളത്തെ പ്രതിഫലിപ്പിക്കുമ്പോൾ ഈ കാഴ്ച്ചയ്ക്ക് പ്രത്യേക ഭംഗിയാണെന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ദൈവകരുണയുടെ തിരുനാള്‍ ‍

1905-നു പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു.

ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. 1934-ല്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ട് നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യൂജിന്‍ കാസിമിറോവ്സ്കി എന്ന കലാകാരനാണ് ദൈവകരുണയുടെ ആദ്യ ചിത്രം വരച്ചത്.

2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു.


Related Articles »