News - 2024

ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ 14 ദശലക്ഷം പേരുടെ വര്‍ദ്ധനവ്

പ്രവാചകശബ്ദം 09-04-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ 14 ദശലക്ഷം പേരുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി വത്തിക്കാന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ആഴ്ച പുറത്തുവിട്ട 2022 സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 മുതൽ 2022 വരെയുള്ള കണക്കുകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ - പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും കത്തോലിക്ക സഭയ്ക്കു വളർച്ചയാണ് സൂചിപ്പിക്കുന്നത്. മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം ഏകദേശം 1% വർദ്ധിച്ചു.

2021-ൽ 1.376 ബില്യണ്‍ അഥവാ 137.6 കോടിയായിരിന്നു ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 2022-ൽ ഇത് 139 കോടിയായി ഉയര്‍ന്നിരിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിലെ, വളര്‍ച്ചയ്ക്കു സമാനമായി ആഫ്രിക്കയിലെ കത്തോലിക്ക സഭയാണ് അതിവേഗം വളര്‍ന്ന്കൊണ്ടിരിക്കുന്നത്. ആഫ്രിക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 3% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിൽ 0.9%, ഏഷ്യയിൽ 0.6% തുടങ്ങിയ നിലകളിലാണ് വളര്‍ച്ചാ നിരക്ക്. യൂറോപ്പിലെ കത്തോലിക്കരുടെ എണ്ണം ഏകദേശം 286 ദശലക്ഷമായി തുടരുകയാണ്.

ആഗോള തലത്തില്‍ വൈദികരുടെ എണ്ണം കുറയുമ്പോഴും ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും വൈദികരുടെയും എണ്ണം 3.2%, 1.6% എന്നീ ക്രമത്തില്‍ വർദ്ധിച്ചു. യൂറോപ്പിൽ വൈദികരുടെ എണ്ണത്തില്‍ 1.7% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാൻ കണക്കുകൾ പ്രകാരം, 2021-നെ അപേക്ഷിച്ച് 2022-ൽ വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 1.3% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആഫ്രിക്കയിൽ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ 2.1% വർദ്ധനവാണുള്ളത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ഉള്‍ചേര്‍ത്തുള്ള ഓഷ്യാനിയയില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ 1.3% വർദ്ധനവുണ്ടായി.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »