News

ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍

പ്രവാചകശബ്ദം 25-04-2024 - Thursday

കൊളംബോ: അഞ്ചു വര്‍ഷം മുന്‍പ് ഈസ്റ്റർ ഞായറാഴ്‌ച 267 പേരുടെ ജീവനെടുത്തു ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. തീവ്രവാദികൾ നടത്തിയ നരനായാട്ടിൽ ഇരകളായ ക്രൈസ്തവ സഹോദരങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും അനുസ്മരണ സമ്മേളനവും നടത്തിയിരിന്നു.

ഏറെ വികാരഭരിതമായ നിമിഷങ്ങൾക്ക് ആയിരക്കണക്കിനു വിശ്വാസികളാണ് സാക്ഷ്യം വഹിച്ചത്. കൊളംബോ അതിരൂപതയിലും, മറ്റു രൂപതകളിലും പ്രാർത്ഥനകൾ സംഘടിപ്പിച്ചു. വിശ്വാസികളെ അടക്കം ചെയ്തിരിക്കുന്ന നിഗംബോയിലെ 'രക്തസാക്ഷികളുടെ ദേവാലയം' എന്നറിയപ്പെടുന്ന സ്ഥലത്തു, കൊല്ലപ്പെട്ട വ്യക്തികളുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള അപേക്ഷ കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്തിനു അന്‍പതിനായിരത്തിലധികം ആളുകളുടെ കൈയൊപ്പോടുകൂടി കൈമാറി. അതേസമയം രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്ന പ്രഖ്യാപനവും അനുസ്മരണ ചടങ്ങിൽ നടത്തി.

അനുസ്മരണ ചടങ്ങിൽ ശ്രീലങ്കയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ബ്രയാൻ ഉദയ്ഗ്വേ, വിവിധ മതങ്ങളുടെ നേതാക്കൾ, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്.


Related Articles »