News

യുദ്ധത്തിന്റെ നിഴലിൽ യുക്രൈനില്‍ ഈസ്റ്റര്‍ ആഘോഷം

പ്രവാചകശബ്ദം 07-05-2024 - Tuesday

കീവ്: കിഴക്കൻ യുക്രൈനില്‍ റഷ്യൻ സൈനീകരുടെ മുന്നേറ്റവും കടുത്ത ഏറ്റുമുട്ടലും നടക്കുന്നതിനിടെ യുക്രൈനിലെ ക്രൈസ്തവര്‍ ഈസ്റ്റർ ആഘോഷിച്ചു. 2022 ഫെബ്രുവരിയിൽ യുക്രൈന്‍ പിടിച്ചടക്കാൻ വേണ്ടി റഷ്യ ആരംഭിച്ച യുദ്ധത്തിനു ശേഷമുള്ള മൂന്നാമത്തെ ഈസ്റ്ററാണിതെങ്കിലും സ്ഥിതിഗതികള്‍ അയഞ്ഞിട്ടില്ല. ഗ്രിഗോറിയന്‍ കലണ്ടറിന് പകരം ജൂലിയൻ കലണ്ടർ പിന്തുടരുന്ന യുക്രൈനിലെ ക്രൈസ്തവ സഭകൾ കർത്താവിന്റെ ഉത്ഥാനത്തിരുനാൾ ഇക്കഴിഞ്ഞ മെയ് 5 ഞായറാഴ്ചയാണ് കൊണ്ടാടിയത്.

യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നാശത്തിന്റെയും മരണത്തിന്റെയും നടുവിൽ സുവിശേഷത്തിൽ വിശ്വാസമർപ്പിച്ച് കീവിലെ ഓർത്തഡോക്സ് വിശ്വാസികൾ വിശുദ്ധ വ്ലാഡിമർ കത്തീഡ്രലിലാണ് ഒരുമിച്ച കൂടിയത്. കീവിലെ കത്തീഡ്രൽ ദേവാലയത്തിൽ വിശ്വാസികൾ ഒരുമിച്ചുകൂടി സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചു. ലക്ഷക്കണക്കിനാളുകളാണ് യുദ്ധത്തിൽ മരിക്കുകയും മുറിവേൽക്കപ്പെടുകയും ചെയ്തത്.

പ്രതിസന്ധിയിലും യേശു തങ്ങളോടുകൂടെയുണ്ടെന്ന് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് പറഞ്ഞു. ഒരു തരത്തിൽ യേശുക്രിസ്തു ഇന്ന് യുക്രൈനിന്റെ ക്രൂശിക്കപ്പെട്ട ശരീരമാണ്. അവിടുന്നു ഈ എളിയ ജനങ്ങളുടെ മുറിവുകളോടൊപ്പമുണ്ട്. മരണത്തിൽ നിന്നു ഉയർത്തെഴുന്നേറ്റ ക്രിസ്തു യുദ്ധത്തിലുള്ള ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കുന്നു. ഏകദേശം ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് യുദ്ധത്തിന്റെ ഭാഗമായി ശരീരാവയവങ്ങൾ നഷ്ടപ്പെട്ടതെന്നും ആ മുറിവുകൾ, കർത്താവെ, നിന്റെതാണ്” എന്ന് ചിന്തിക്കുന്നുവെന്നും ആർച്ചുബിഷപ്പ് പറഞ്ഞു.


Related Articles »