India - 2024

ക്രൈസ്‌തവരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പ്രമേയം

13-05-2024 - Monday

അരുവിത്തുറ: രാജ്യത്ത് വർധിച്ചുവരുന്ന ക്രൈസ്‌തവ ന്യൂനപക്ഷ ആശങ്കകൾ പരിഹരിച്ച് ഭരണഘടന ഉറപ്പു തരുന്ന സംരക്ഷണം മണിപ്പുർ ഉൾപ്പെടെ ഭാരതത്തിന്റെ എല്ലാ പ്രദേശത്തും ലഭ്യമാക്കണമെന്ന് അരുവിത്തുറയിൽ നടന്ന കത്തോലിക്ക കോൺഗ്രസ് 106-ാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മനുഷ്യജീവൻ എടുക്കുകയും സ്വന്തം വാസസ്ഥലത്ത് മനുഷ്യനെ ഭീതിയിലാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ മൃഗങ്ങളെയും ജനവാസ മേഖലയിൽ കടന്നാൽ കൊല്ലുവാൻ അടിയന്തര തീരുമാനം ഉണ്ടാക്കി വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള സംവരണങ്ങൾക്ക് അപ്പുറത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കെല്ലാം സംവരണം നൽകി അവരെയും വളർത്തിക്കൊണ്ടു വരികയും ഭരണഘടനാ വിരുദ്ധമായ മതാടിസ്ഥാന സംവരണം പുനഃപരിശോധിക്കുകയും ചെയ്യണം. വീടിന്റെ ഏരിയ കണക്കാക്കിയും 1000 ചതുരശ്രയടി എന്നത് ഉയർത്തി നിശ്ചയിക്കുവാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്യണം. സംസ്ഥാനത്ത് കൃഷിഭൂമി മാനദണ്ഡം കേന്ദ്ര നിർദ്ദേശപ്രകാരം അഞ്ച് ഏക്കറായും വാർഷിക വരുമാനം എട്ടു ലക്ഷം രൂപയായും നിജപ്പെടുത്തിയും ഇഡബ്ദ്യുഎസ് മാനദണ്ഡം പരിഷ്‌കരിക്കണം.

തൊഴിലും സാമ്പത്തിക വളർച്ചയും സാധ്യമാക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം നൽകി കേരളത്തിലെ എല്ലാവർക്കും സാമ്പത്തികമായി ഉന്നതി പ്രാപിക്കാൻ ആവുന്ന നയവും പദ്ധതികളും നടപ്പിലാക്കണം എന്ന പ്രമേയങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. സച്ചാർ കമ്മീഷൻ മാതൃകയിൽ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം നിർദേശിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് കേന്ദ്രസർക്കാരിനോടു യോഗം ആവശ്യപ്പെട്ടു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോസുകുട്ടി ഒഴുകയിലാണ് പ്രമേയം അവതരിപ്പിച്ചത്.


Related Articles »