News - 2025
ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക: വിദ്യാര്‍ത്ഥികളോട് ആഹ്വാനവുമായി 'ചോസണ്‍' താരം ജോനാഥൻ റൂമി
പ്രവാചകശബ്ദം 14-05-2024 - Tuesday
വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി 'ചോസണ്‍' താരം ജോനാഥൻ റൂമി. പ്രമുഖ ടെലിവിഷൻ പരമ്പരയായ "ദി ചോസൻ" ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ (CUA) ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാർത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്. തൻ്റെ അഭിനയ ജീവിതത്തിലൂടെ സുവിശേഷവൽക്കരണം നടത്തിയതിന് ഫൈൻ ആർട്‌സിൽ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരിന്നു.
ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക, ദൈവത്തിന് സ്വയം സമർപ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിന്നു ജോനാഥൻ റൂമിയുടെ പ്രസംഗം. നാം കടന്നുപോകുന്ന ജീവിതത്തിലൂടെയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കാൻ ശ്രമിക്കണം. കത്തോലിക്കർ എന്ന നിലയിൽ എല്ലാ ഘട്ടങ്ങളിലും ജീവനെ പ്രതിരോധിക്കുക. തുടര്‍ പഠനത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികൾ കൂടുതൽ പ്രാർത്ഥിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. തെസ്സലോനിക്കകാര്‍ക്കുള്ള ആദ്യ ലേഖനത്തില്‍ വിശുദ്ധ പൗലോസ് "ഇടവിടാതെ പ്രാർത്ഥിക്കാൻ" ആഹ്വാനം ചെയ്തത് ഓര്‍ക്കണമെന്നും ജോനാഥൻ റൂമി പറഞ്ഞു.
എന്റെ മനുഷ്യ ധാരണയ്ക്ക് അപ്പുറത്തുള്ള സംഘർഷം അനുഭവിക്കുന്ന എൻ്റെ ജീവിതത്തിൻ്റെ മേഖലകളിൽ എനിക്ക് ജ്ഞാനം ലഭിച്ചു, മുന്നോട്ട് പോകാനും അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഞാൻ ഇന്നു ശക്തനാണ്. ജീവിതത്തിന്റെ വേദനകള്‍ കര്‍ത്താവില്‍ ഭരമേല്‍പ്പിച്ചു. പ്രാർത്ഥനയുടെ ശക്തിയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥവും തനിക്ക് സഹായകരമാണെന്നും ജോനാഥൻ റൂമി പറഞ്ഞു. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദ ചോസൺ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയാണ്. ഓരോ പരമ്പരയ്ക്കും ലോകമെമ്പാടുമായി ലക്ഷകണക്കിന് പ്രേക്ഷകരാണ് കാഴ്ചക്കാരായിട്ടുള്ളത്.