News - 2025
ഭ്രൂണഹത്യ തടയാന്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിരോധം; പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തക ലോറൻ ഹാൻഡിയ്ക്കു തടവുശിക്ഷ
പ്രവാചകശബ്ദം 15-05-2024 - Wednesday
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയില്‍ സ്ഥിതി ചെയ്യുന്ന അബോര്‍ഷന്‍ കേന്ദ്രത്തിൽ ഉപരോധം ഏര്‍പ്പെടുത്തിയതിന് പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകയായ ലോറൻ ഹാൻഡിയ്ക്കു തടവുശിക്ഷ. മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ ഫെഡറൽ ബെഞ്ചിലേക്ക് നാമനിർദ്ദേശം ചെയ്ത യുഎസ് ജില്ലാ ജഡ്ജി കോളിൻ കൊല്ലാർ-കോട്ടെല്ലിയാണ് 'ഫേസ് ആക്റ്റ്'-ന്റെ മറവില്‍ പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നാല് വർഷവും ഒന്‍പത് മാസവും തടവിന് ശിക്ഷിച്ചത്. ക്ലിനിക് പ്രവേശനത്തിനുള്ള സ്വാതന്ത്ര്യ നിയമമായി അറിയപ്പെടുന്ന ഫേസ് ആക്ട് ലംഘിച്ചുവെന്നാണ് കോടതി നിരീക്ഷണം. ഓഗസ്റ്റിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നിരവധി പ്രവർത്തകരിൽ ഒരാളാണ്.
2020 ഒക്‌ടോബർ 22-ന് വാഷിംഗ്‌ടൺ സർജി - ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം. ക്രൂരമായ ഭ്രൂണഹത്യ നടത്തുവാനെത്തിയവരെ ഹാൻഡി ഉള്‍പ്പെടുന്ന പ്രവർത്തകർ ചങ്ങലയും കയറും ഉപയോഗിച്ച് സ്വയം ബന്ധിക്കുകയും പ്രവേശനം തടയുകയുമായിരിന്നു. ക്ലിനിക്കിലേക്കുള്ള പ്രവേശനം തടയുവാന്‍ ഇവര്‍ തങ്ങളുടെ ശരീരം മറവായി ഉപയോഗിച്ചിരിന്നു. ഇതാണ് ഒടുവില്‍ തടവ് ശിക്ഷയിലേക്ക് എത്തിയിരിക്കുന്നത്. നിരപരാധികളായവരുടെ ജീവൻ സമാധാനപരമായി സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക്, ഹാൻഡി നന്ദിയാണ് അർഹിക്കുന്നതെന്നും ജയിൽ ശിക്ഷയല്ലായെന്നും അഭിഭാഷകനായ മാര്‍ഷ്യന്‍ കാനോന്‍ പറഞ്ഞു.
ഫെഡറൽ ജഡ്ജി ശിക്ഷ വിധിച്ചതിന് ശേഷം, ഹാൻഡിയെ കൊണ്ടുപോകുമ്പോൾ കോടതിമുറിയിലുണ്ടായിരുന്ന ഒന്നിലധികം പ്രോ-ലൈഫ് അഭിഭാഷകർ കൈയടിച്ചിരിന്നു. ഭ്രൂണഹത്യയ്ക്കു വേണ്ടിയുള്ള ബൈഡന്‍റെ തീരുമാനം സ്വേച്ഛാധിപത്യത്തിൻ്റെ ഒരു പുതിയ തലത്തിൽ എത്തിയിരിക്കുന്നുവെന്ന് പ്രോഗ്രസീവ് ആന്‍റി അബോര്‍ഷന്‍ അപ്റൈസിംഗ് സംഘടനയുടെ സ്ഥാപക ടെറിസ ബുക്കോവിനാക് പ്രസ്താവിച്ചു. വിധിയില്‍ അപ്പീല്‍ പോകാനാണ് അഭിഭാഷകരുടെ തീരുമാനം. ഭ്രൂണഹത്യയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ലോറൻ ഹാൻഡി മുപ്പതിലേറെ തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.