India - 2025
ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ്: നഗരം ചുറ്റി ആയിരങ്ങളുടെ ദിവ്യകാരുണ്യ പ്രദക്ഷിണം
പ്രവാചകശബ്ദം 20-05-2024 - Monday
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി കത്തോലിക്ക വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യവുമായി പതിനായിരങ്ങള്‍ അണിനിരന്ന നഗരം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. ദിവ്യകാരുണ്യ നാഥന് സ്തുതി ആരാധനകൾ അർപ്പിക്കാനും ദൈവാനുഭവങ്ങൾ പങ്കുവയ്ക്കാനും വിശ്വാസം പ്രഘോഷിക്കാനുമായി ആയിരങ്ങളാണ് ഇന്നലെ ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്നത്. കത്തീഡ്രൽ അങ്കണത്തിലെ പന്തലുകളിലും സെമിനാർ നടന്ന ഏഴു കേദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
ഇന്നലെ വൈകീട്ട് കത്തീഡ്രൽ പള്ളിയിൽ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ചന്തക്കുന്ന് വഴി ചന്ദ്രിക ജംഗ്ഷനിലെത്തി ദൈവപരിപാലന ഭവനത്തിനു മുന്നിലൂടെ മെയിൻ റോഡു വഴി ഠാണാ ജംഗ്ഷനിലെത്തി കത്തീഡ്രൽ പള്ളിയിൽ സമാപിച്ചു. ജപമാലയുമേന്തി ദിവ്യകാരുണ്യനാഥനെ സ്‌തുതിച്ചുകൊണ്ടായിരുന്നു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നത്. രൂപതയിലെ 141 ഇടവകകളെ സൂചിപ്പിച്ചുകൊണ്ട്, 141 പൊൻകുരിശുകളും പട്ടുകുടകളും പേപ്പൽ പതാകകൾക്കു പിന്നിൽ ഓപ്പയും മോറിസും ധരിച്ച ദർശന സമൂഹാംഗങ്ങളും ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ കുഞ്ഞുങ്ങൾ അവരുടെ ആദ്യകുർബാന സ്വീകരണ വേഷത്തിലും അണിനിരന്നു.
കോൺഗ്രിഗേഷൻ അടിസ്ഥാനത്തിൽ സിസ്റ്റേഴ്‌സ്, തൊട്ടുപിറകിൽ ധൂപക്കുറ്റിയും ചെറുമണികളുമായി അൾത്താര സംഘക്കാരും ഇവർക്കു പിറകിൽ വെ ള്ള ഉടുപ്പ് ധരിച്ച് തലയിൽ കിരീടം ചൂടി കയ്യിൽ സ്റ്റാർ വടിയും പിടിച്ച് കുഞ്ഞു മാലാഖമാരും നിരന്നു. തുടർന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൈകളിലേന്തി ദിവ്യകാരുണ്യം വഹിച്ച വാഹനം. പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്നതോടെ ദിവ്യകാരുണ്യ ആശീർവാദത്തോടെ ദിവ്യകാരുണ്യ കോൺഗ്രസ് സമാപിച്ചു.