News - 2025
ഇറാന്‍ പ്രസിഡന്‍റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 21-05-2024 - Tuesday
വത്തിക്കാന്‍ സിറ്റി: ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുല്ല സയ്യിദ് അലി ഹുസൈനി ഖമേനിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പ അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തിൽ മരിച്ച വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാന്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും ആകസ്മിക വിയോഗത്തില്‍ പരിശുദ്ധ പിതാവ് അനുശോചനം രേഖപ്പെടുത്തിയതായി വത്തിക്കാന്‍ അറിയിച്ചു.
മരണപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തൻ്റെ കാരുണ്യത്തിൽ ഭരമേൽപ്പിക്കുന്നു. വേർപാടിൽ ദുഃഖിക്കുന്നവർക്ക്, പ്രത്യേകിച്ച് അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളോടെ ഈ ദുഷ്‌കരമായ സമയങ്ങളിൽ രാഷ്ട്രത്തോടുള്ള ആത്മീയ അടുപ്പം ഞാൻ ഉറപ്പുനൽകുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തില്‍ കുറിച്ചു. അസർബൈജൻ അതിർത്തിയിലെ ജോൽഫയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രിയും ഉൾപ്പെട്ട വിവിഐപി സംഘം കൊല്ലപ്പെട്ടതായി ഇന്നലെയാണ് ഇറാൻ സ്‌ഥിരീകരിച്ചത്.
ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടസ്‌ഥലം. അസർബൈജാൻ- ഇറാൻ അതിർത്തിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്‌ത് മടങ്ങവെ പ്രസിഡൻ്റ് സഞ്ചരിച്ച അമേരിക്കൻ നിർമിത ബെൽ 212 ഹെലികോപ്റ്റർ തകരുകയായിരിന്നു. മണിക്കുറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ രാവിലെ രക്ഷാപ്രവർത്തകർ അപകടസ്‌ഥലത്തെത്തിയതോടെയാണ് ദുരന്തം സ്ഥിരീകരിച്ചത്. തീവ്ര ഇസ്ളാമിക നിലപാടുള്ള രാജ്യമാണ് ഇറാന്‍. രാജ്യത്തു ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ മതസ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്.