News

തിരുസഭയിലെ പ്രഥമ കുട്ടികളുടെ ദിനത്തില്‍ വത്തിക്കാനിലെത്തിയത് പതിനായിരക്കണക്കിന് കുരുന്നുകള്‍

പ്രവാചകശബ്ദം 27-05-2024 - Monday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ ആദ്യ ലോക ശിശുദിനത്തോടനുബന്ധിച്ച് വിശുദ്ധ ത്രീത്വത്തിൻ്റെ തിരുനാള്‍ ദിനമായ വത്തിക്കാനില്‍ ഒത്തുചേര്‍ന്നത് പതിനായിരക്കണക്കിന് കുരുന്നുകള്‍. വർണ്ണാഭമായ തൊപ്പികൾ ധരിച്ചു വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലാണ് കുരുന്നുകളും മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നത്. വിശുദ്ധ കുർബാനയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഉൾപ്പെട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിയോടെയാണ് കുട്ടികള്‍ക്ക് ഉള്ള തൻ്റെ പ്രസംഗം ആരംഭിച്ചത്.

“പ്രിയപ്പെട്ട ആൺകുട്ടികളേ, പെൺകുട്ടികളേ, ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാൻ നാം ഇവിടെയുണ്ട്. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എണ്ണിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു. “എന്നാൽ എത്ര ദൈവങ്ങളുണ്ട്?” ജനക്കൂട്ടം “ഒന്ന്” എന്ന് ഉത്തരം നൽകിയപ്പോൾ, ഉത്തരം നല്‍കിയതിന് മാർപാപ്പ അവരെ പ്രശംസിച്ചു. "നമ്മെ എല്ലാവരെയും സൃഷ്‌ടിച്ച, നമ്മെ വളരെയധികം സ്നേഹിക്കുന്ന" - നാം അവനോട് എങ്ങനെ പ്രാർത്ഥിക്കുന്നു എന്ന് കുട്ടികളോട് മാര്‍പാപ്പ ചോദിച്ചു. “ഞങ്ങളുടെ പിതാവേ” എന്നായിരിന്നു കുട്ടികളുടെ ഉത്തരം.

ത്രീത്വത്തിലെ രണ്ടാമത്തെ വ്യക്തി യേശു - നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുന്നവൻ. ആരാണ് പരിശുദ്ധാത്മാവ്? പരിശുദ്ധാത്മാവ് ദൈവമായതിനാൽ, അവൻ നമ്മുടെ ഉള്ളിലുണ്ട്. സ്നാനത്തിൽ നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു, കൂദാശകളിൽ നാം അവനെ സ്വീകരിക്കുന്നു. ജീവിതത്തിൽ നമ്മെ അനുഗമിക്കുന്നവനാണ് പരിശുദ്ധാത്മാവെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചതനുസരിച്ചാണ് മേയ് 25, 26 തീയതികളിലായാണ് കത്തോലിക്കാ സഭയുടെ ആദ്യ ലോക ശിശുദിനാഘോഷം നടന്നത്. ആദ്യ ശിശുദിനാഘോഷം പൂർത്തിയായതോടെ, അടുത്ത ലോക കുട്ടികളുടെ ദിനം 2026 സെപ്റ്റംബറിൽ നടക്കുമെന്ന് ആഘോഷങ്ങളുടെ അവസാനം ഫ്രാൻസിസ് പ്രഖ്യാപിച്ചു.


Related Articles »