News - 2024

ലോകമെമ്പാടുമായി 364 മില്യണ്‍ ക്രൈസ്തവര്‍ പീഡനം ഏറ്റുവാങ്ങുന്നതായി വത്തിക്കാന്‍

പ്രവാചകശബ്ദം 07-06-2024 - Friday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമായി 364 മില്യണ്‍ ക്രൈസ്തവര്‍ യേശുവിലുള്ള വിശ്വാസത്തെ പ്രതി വിവിധങ്ങളായ പീദ്നനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടെന്ന് വത്തിക്കാന്‍ വിദേശകാര്യമന്ത്രിയും സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘര്‍. റോമിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോൺഫറൻസിലായിരിന്നു ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. മനുഷ്യാവകാശങ്ങളുടെ ഒരേ വശമല്ലെങ്കിലും, മതസ്വാതന്ത്ര്യം ഏറ്റവും അടിസ്ഥാനപരമായ അവകാശമാണെന്നും ഏഴു പേരില്‍ ഒരു ക്രൈസ്തവ വിശ്വാസി പീഡനത്തിന് ഇരയാകുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഓർഡർ ഓഫ് മാൾട്ടയുടെ അംബാസഡർ അൻ്റോണിയോ സനാർഡി ലാൻഡിയും ചടങ്ങില്‍ സന്നിഹിതരായിരിന്നു. മത സ്വാതന്ത്ര്യ അവകാശത്തിൻ്റെ ലംഘനം ഒരു അവകാശത്തെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ മുഴുവൻ ഘടകങ്ങളെയും തുരങ്കംവെക്കുന്ന ഫലമുണ്ടാക്കുകയാണ്. 2023 ൽ ക്രൈസ്തവ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരായ ആക്രമണങ്ങൾ ഗണ്യമായി വർദ്ധിച്ചു.

ചില കണക്കുകൾ പ്രകാരം, ഏതാണ്ട് 4.9 ബില്യൺ ആളുകൾ മതസ്വാതന്ത്ര്യത്തിൻ്റെ ഗുരുതരമായ അല്ലെങ്കിൽ വളരെ ഗുരുതരമായ ലംഘനങ്ങളുള്ള രാജ്യങ്ങളിൽ ജീവിക്കുന്നു എന്നത് ആശങ്കാജനകമാണ്. മനുഷ്യന്‍റെ സമഗ്ര വികസനം കൈവരിക്കുന്നതിൽ മതസ്വാതന്ത്ര്യം നിർണായക പങ്ക് വഹിക്കുന്നു. ഇക്കാരണത്താൽ, രാഷ്ട്ങ്ങള്‍ നിഷ്പക്ഷത പാലിക്കുകയും വിശ്വാസികളായവര്‍ക്കും എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കാനുള്ള ഒരേ അവകാശം ഉറപ്പുനൽകണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ലോകത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവരാണ്. ഇതിന്റെ ആഴം ചൂണ്ടിക്കാട്ടിക്കൊണ്ടായിരിന്നു ബിഷപ്പിന്റെ സന്ദേശം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »