News

ചരിത്രം കുറിച്ച് ജി7 ഉച്ചകോടിയിലേക്ക് ആദ്യമായി മാര്‍പാപ്പ; ബൈഡനും മോദിയും മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പ്രവാചകശബ്ദം 14-06-2024 - Friday

റോം: ചരിത്രത്തിലാദ്യമായി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ ഇറ്റലിയിലേക്ക്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 9 ലോക നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും.

രാവിലെ 11ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകോടി നടക്കുന്ന ഇറ്റലിയിലെ പുലിയയിൽ എത്തിച്ചേരുന്ന മാർപാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിക്കും. പ്രാദേശിക സമയം 2.15നാണ് മാർപാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി, കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, യുഎസ് പ്രസിഡൻ്റ ജോ ബൈഡൻ, ബ്രസീൽ, തുർക്കി, അൾജീരിയ പ്രസിഡൻ്റുമാർ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്‌ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ പ്രസിഡൻ്റ് സെലൻസ്‌കി, ഫ്രഞ്ച് പ്രസിഡൻ്റ് മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം ഫ്രാന്‍സിസ് പാപ്പ - നരേന്ദ്ര മോദി കൂടിക്കാഴ്ചയെ ഭാരതത്തിലെ ക്രൈസ്തവര്‍ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. 2021-ല്‍ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. അന്നു മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്.

അന്നു മോദി ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചുവെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു കാര്യമായി നടപടിയുണ്ടായില്ല. ഭാരതം സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഇന്നത്തെ കൂടിക്കാഴ്ചയില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളിലേക്ക് മുന്നോട്ടുപോകുമോയെന്നാണ് ക്രൈസ്തവര്‍ ഉറ്റുനോക്കുന്നത്.


Related Articles »