News - 2025

നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 19-06-2024 - Wednesday

അബൂജ: നൈജീരിയയിലെ തെക്കൻ സംസ്ഥാനമായ അനമ്പ്രയില്‍ നിന്നു മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. തെക്കൻ സംസ്ഥാനമായ അനമ്പ്രയിലെ ഒറുമ്പ നോർത്ത് ലോക്കൽ ഗവൺമെൻ്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെൻ്റ് മാത്യു ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യൻ ഇക്കെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ജൂൺ 16ന് രാവിലെ നടന്ന അക്രമ സംഭവത്തില്‍ വൈദികനെ കൂടാതെ മറ്റൊരാളെ കൂടി തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എക്വുലോബിയ രൂപത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

അജല്ലിയിലെ സെൻ്റ് മാത്യൂസ് ഇടവകയുടെ പ്രാന്തപ്രദേശത്ത് വിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ രാവിലെ 9.45 ഓടെ തട്ടിക്കൊണ്ടുപോയ ഫാ. ക്രിസ്റ്റ്യൻ ഇക്കയുടെയും മിസ്റ്റർ ഒഗ്ബോണിയ അനേക്കിൻ്റെയും മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് രൂപതയുടെ ചാൻസലർ ഫാ. ലോറൻസ് നവാങ്ക്വോ പുറത്തിറക്കിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വൈദികനും മറ്റ് ചിലരും വിശുദ്ധ കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്നു മടങ്ങുന്നതിനിടെ അമാഗു ജംഗ്ഷനിൽ എത്തിയപ്പോൾ, മൂന്നു വാഹനങ്ങളിൽ എത്തിയ ആയുധധാരികളായ സംഘം ഇവരെ കീഴ്പ്പെടുത്തുവാന്‍ ശ്രമിക്കുകയായിരിന്നു.

സംഘത്തില്‍ ഉണ്ടായിരിന്ന രണ്ട് പേർ രക്ഷപ്പെട്ടപ്പോൾ, അക്രമികൾ വൈദികനെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഏഴാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ക്രിസ്റ്റ്യൻ. മെയ് മാസത്തിൽ, രണ്ട് വൈദികരെയും ജൂൺ മാസത്തിൽ ഒരു വൈദികനെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയിരിന്നു. ക്രൈസ്തവര്‍ കൊടിയ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ.


Related Articles »