News - 2024

തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് നൈജീരിയന്‍ രൂപത

പ്രവാചകശബ്ദം 25-06-2024 - Tuesday

സൊകോട്ടോ: നൈജീരിയായില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് കത്തോലിക്ക രൂപത നേതൃത്വം. സെൻ്റ് റെയ്മണ്ട് ഡാംബ പള്ളിയിലെ ഇടവക വികാരി ഫാ. മിക സുലൈമാനെയാണ് ജൂൺ 22 ശനിയാഴ്ച അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഹൃദയത്തിൽ സങ്കടത്തോടെയാണ് ഫാ. മികയെ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകത്തെ അറിയിക്കുന്നതെന്നും വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിക്കുകയാണെന്നും രൂപത ചാൻസലർ ഫാ. നുഹു ഇലിയ പ്രസ്താവിച്ചു.

അനമ്പ്രയിലെ ഒറുമ്പ നോർത്ത് ലോക്കൽ ഗവൺമെൻ്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെൻ്റ് മാത്യു ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യൻ ഇക്കെ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത് ഇക്കഴിഞ്ഞ ജൂണ്‍ 16നാണ്. അദ്ദേഹത്തെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായുള്ള അക്രമങ്ങളുടെ വർദ്ധനവിനെതിരെ നൈജീരിയ പോരാടുകയാണ്. 2009 മുതൽ ഇസ്ലാമിക് ഭീകര സംഘടനയായ ബൊക്കോഹറാം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് സംഘം ലക്ഷ്യമിടുന്നത്.


Related Articles »