News - 2025
വിശുദ്ധ നാട്ടില്‍ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ല: കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല
പ്രവാചകശബ്ദം 29-06-2024 - Saturday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെയും ഗാസയിലെയും റാഫയിലെയും രൂക്ഷമായ സ്ഥിതിഗതികൾ വിശദീകരിച്ച് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. യുദ്ധം അവസാനിക്കുന്നതിനുള്ള വഴികൾ ഇപ്പോഴും തുറക്കപ്പെട്ടിട്ടില്ലായെന്നും, എന്നാൽ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും കർദ്ദിനാൾ പറഞ്ഞു. യുദ്ധം അനുദിനം മുൻപോട്ടു പോകുമ്പോൾ ക്രൂരതയാർന്ന സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നു. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതുപോലും സങ്കീർണ്ണമായിരിക്കുകയാണെന്നും, അത് മനുഷ്യജീവിതത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളും അദ്ദേഹം എടുത്തു പറഞ്ഞു.
ജലലഭ്യതയുടെ കുറവും ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. പൊതുവേ സ്ഥിതി വളരെ മോശമായി തുടരുന്നു. വഴികൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. ചർച്ചകൾ എവിടെയും നടക്കുന്നുണ്ട്. എന്നാല്‍ ഒരു നിഗമനത്തിലെത്താൻ കക്ഷികളുടെ ഭാഗത്തുനിന്ന് യഥാർത്ഥ ആഗ്രഹമുണ്ടെന്നും എനിക്ക് തോന്നുന്നില്ല. ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും, അത് തടയുവാൻ മുൻകൈയെടുക്കുവാനുള്ള വിമുഖതയും തുടരുന്നുണ്ട്. ഇതുവരെ യുദ്ധം ബാധിക്കപെട്ടവരുടെ എണ്ണം എടുക്കുന്നതുപോലും ദുഷ്കരമാണ്.
ഗാസയിലും, റാഫയിലും എന്നതുപോലെ ലെബനാനിലെയും സ്ഥിതിഗതികൾ ഏറെ സങ്കീർണ്ണമാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. അതിനാൽ ഈ നിമിഷം ഏറെ ആവശ്യമായത് സമാധാനസ്ഥാപനം മാത്രമാണ്. അതിനായി അന്താരാഷ്ട്രസമൂഹങ്ങൾ എല്ലാറ്റിനും ഉപരിയായി, ഒറ്റക്കെട്ടായി നിലകൊള്ളണം. അടുത്ത അമേരിക്കൻ തിരഞ്ഞെടുപ്പ് ഇവയിൽ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന്, 'തീർച്ചയായും' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, പ്രാദേശികമായി പരിഹാരങ്ങൾ കണ്ടെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.