News - 2025
സ്നേഹം അവസാനിക്കാത്ത അത്ഭുതം | അൽഫോൻസാമ്മയോടൊപ്പം ഒരു പുണ്യയാത്ര | ജൂലൈ 1
സി. റെറ്റി FCC 01-07-2024 - Monday
"എനിക്കുള്ളത് ഒരു സ്നേഹ പ്രകൃതമാണ് എന്റെ ഹൃദയം മുഴുവനും സ്നേഹമാണ് ആരെയും വെറുക്കാൻ എനിക്ക് സാധിക്കുകയില്ല" (വിശുദ്ധ അൽഫോൻസാ).
സ്നേഹം വെറുപ്പിനെ അതിജീവിക്കുന്നു. അൽഫോൻസാമ്മയുടെ ശക്തി സ്നേഹം ആയിരുന്നു. സ്നേഹത്തിന്റെ പിന്നാലെ ഓടുകയായിരുന്നു അവൾ. ദൈവം അനുവദിച്ചുകൊടുത്ത 36 കൊല്ലവും ഓടി: തളരും വരെ, ട്രാക്കിൽ തളർന്നുവീഴും വരെ, വിശ്രമരഹിതമായ ഓട്ടം അവളുടെ ജീവിതത്തെ മധുരവും ദീപ്തവും ആക്കുന്നത് ഈ സ്നേഹമാണ്. സ്നേഹം എന്ന മഹനീയ ദൗർബല്യത്തെ മഹാശക്തിയാക്കി മാറ്റുകയും ചെയ്ത സ്ത്രീയാണ് അൽഫോൻസാമ്മ. പലപ്പോഴും നമ്മുടെയെല്ലാം സംസാരവും നമ്മുടെയെല്ലാം എഴുത്തുകളും നമ്മുടെ എല്ലാം ചിന്തകളും സ്നേഹത്തെ കുറിച്ചാണ്.
എന്നാൽ എന്താണ് സ്നേഹം? സ്നേഹത്തെ നാം മനസ്സിലാക്കണമെങ്കിൽ അതൊന്ന് പിരിച്ചെഴുതിയാൽ മതിയാവും. സ +ന +അഹം = സ്നേഹം. സ്വാർത്ഥത അല്പം പോലും ഇല്ലാത്ത അവസ്ഥയാണ് സ്നേഹം. സ്വാർത്ഥതയില്ലാത്ത സ്നേഹം ഏറ്റവും കൂടുതലായി നാം കാണുന്നത് പിതാവായ ദൈവത്തിലാണ്. തന്നിൽ "വിശ്വസിക്കുന്ന ഒരുവിനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (jn:3/16).
പുത്രന്റെ സ്നേഹവും സ്വാർത്ഥതയില്ലാത്തതാണെന്ന് അവൻ തെളിയിച്ചു. അവൻ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു : "സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലെന്ന് കാണിച്ചുതന്നു" (jn:15/13). ഒരു ഗാനത്തിന്റെ ഈരടികൾ ഓർത്തു പോവുകയാണ്.. എന്താണ് സ്നേഹം എന്ന് ചോദിച്ചാൽ.... ഇങ്ങോട്ട് വാങ്ങുന്നത് അല്ല സ്നേഹം. അങ്ങോട്ട് നൽകുന്നതാണ് സ്നേഹം... സ്നേഹം സ്വീകരിക്കാതെ സ്നേഹം കൊടുത്ത വ്യക്തിയാണ് വിശുദ്ധ അൽഫോൻസ. സ്നേഹം പരിശുദ്ധാത്മാവിന്റെ ഫലമാണ് (Gal 5/22).
ആത്മാവിന്റെ ഫലം ദൈവത്തിന്റെ സ്വഭാവമാണെന്ന് പണ്ഡിതന്മാർ പറയുന്നു. ഇതുതന്നെയാണ് അൽഫോൻസാമ്മയുടെ സ്വഭാവവും, ഇവിടെ വെറുപ്പിന് ഇടമില്ല. എന്താണ് വെറുപ്പ്? ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഇഷ്ടമില്ലായ്മ (deep dislike). ഇത് കഠിനമായ പ്രവർത്തികളിലേക്ക്, വാക്കുകളിലേക്ക് നയിക്കും.പഴയ കാലഘട്ടത്തിലെ അനുഭവങ്ങളും മനസ്സിലെ പേടിയും മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യങ്ങളും എല്ലാം ഒരുവനെ ഇഷ്ടമില്ലായ്മയിലേക്ക് നയിക്കുന്നു.
അൽഫോൻസാമ്മ പറയുന്നു; എനിക്ക് നീരസമുള്ളവരോട് ഞാൻ സ്നേഹമായി പെരുമാറും. സ്വാഭാവിക പ്രവണത അനുസരിച്ച് ഞാൻ ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ഇല്ല. അവൾ ആരോടും വിരോധം വെച്ചുപുലർത്തുകയോ അവരെ കുറ്റം വിധിക്കുകയോ ചെയ്തില്ല. മറ്റുള്ളവരുടെ പരസ്യമായി പെരുമാറ്റത്തിന് പകരമായി അവരോട് സ്നേഹവും അനുകമ്പയും കാണിച്ചു. സാധിക്കുമ്പോഴെല്ലാം അവർക്ക് വേണ്ട സഹായവും ചെയ്തു കൊടുത്തു അൽഫോൻസാമ്മയുടെ സ്നേഹം വെറുപ്പിനെ അതിജീവിക്കുന്നത് ആയിരുന്നു.
സ്നേഹം അവസാനിക്കാത്ത അത്ഭുതമാണ്. അത് ദൈവത്തിന്റെ ശക്തിയും ശ്രദ്ധയുമാണ്. ചക്രവാളം പോലെ എന്നും അകലെയാണ് അതിന്റെ അതിരുകൾ, ദൈവത്തിൽ എത്തും വരെ സ്നേഹത്തിന്റെ പൂർണ്ണത പ്രാപിക്കാം എന്നറിയാമെങ്കിലും അതിനെ ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ സാഹസികത നിറഞ്ഞ ഒരു തീർത്ഥാടനത്തിന്റെ സാഫല്യം അനുഭവപ്പെടുന്നു.. അങ്ങനെ സ്നേഹം കൊണ്ട് അൽഫോൻസാമ്മ വെറുപ്പിനെ അതിജീവിച്ചു.
