India - 2025

ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രം അപലപനീയം: കെസിബിസി ഐക്യ - ജാഗ്രത കമ്മീഷൻ

പ്രവാചകശബ്ദം 01-07-2024 - Monday

കൊച്ചി: കേരളത്തിൽ ചുവടുറപ്പിക്കുന്നതിനായി ക്രൈസ്തവ സമൂഹത്തിനിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും, ഭിന്നിപ്പുണ്ടാക്കാൻ കരുക്കൾ നീക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങൾ അപലപനീയമാണെന്നു കെസിബിസി ഐക്യ - ജാഗ്രത കമ്മീഷൻ. അത്തരം തന്ത്രങ്ങളുടെ ഭാഗമായി സഭാ നേതൃത്വവും വിശ്വാസികളും രണ്ടുതട്ടിലാണെന്ന പ്രചാരണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചിലർ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

"മത മേലധ്യക്ഷന്മാരുടെ വാക്കുകൾ തള്ളിക്കളഞ്ഞ് വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്തു" എന്നാണ് ശ്രീ കെ സുരേന്ദ്രൻ അവകാശപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളിൽ മുൻ കേന്ദ്രമന്ത്രിമാരിൽ ചിലർ സഹായിച്ചിട്ടും സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എതിർ പ്രചാരണങ്ങളാണ് ഉണ്ടായതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ജനാധിപത്യ രാജ്യത്ത്, കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമായ മന്ത്രിമാർ അവരുടെ കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി എന്തെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയമായ കാര്യലാഭമുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു എന്ന ധ്വനി കെ സുരേന്ദ്രന്റെ വാക്കുകളിലുണ്ട്.

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി ജനപ്രതിനിധികളും ഭരണസേവകരും പ്രവർത്തിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. ജനങ്ങളുടെ സാമാന്യവും സവിശേഷവുമായ അവകാശങ്ങളിൽ നിയമാനുസൃതമായ ഭരണകൂട ഇടപെടലുകൾ ഗൂഢലക്ഷ്യങ്ങളോടുകൂടിയുള്ളവയായിരുന്നു എന്നു വരുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുന്നു.

തുടർന്നുള്ള ഇലക്ഷനുകളിൽ കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളെ എല്ലായ്പ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനവും ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ല. ഏവർക്കും തുല്യ അവകാശവും തുല്യ നീതിയുമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്.

ഇവിടെ ക്രൈസ്തവർക്ക് ആവശ്യം നിയമാനുസൃതവും നീതിനിഷ്ഠവും തുല്യവുമായ പരിഗണനയാണ്. അനർഹമോ നിയമവിരുദ്ധമോ വഴിവിട്ടുള്ളതോ ആയ ഒരു സഹായവും മതത്തിന്റെ പേരിലോ വർഗ്ഗത്തിന്റെ പേരിലോ ഉണ്ടാകാതിരിക്കുകയാണ് ഇന്ത്യ എന്ന മതേതര രാജ്യത്തിന് ആവശ്യം. ഉത്തരവാദിത്തപൂർണ്ണതയുള്ള ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും അധികാര സ്ഥാനത്തുള്ളവരും അതാണ് ഉറപ്പുവരുത്തേണ്ടത്. തെറ്റിദ്ധാരണാജനകവും അപക്വവുമായ ഇത്തരം പൊള്ളയായ പരസ്യ പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.


Related Articles »