News

ഗാസയിലെ കത്തോലിക്ക സ്‌കൂളിനു നേരെ ഇസ്രായേൽ ആക്രമണം

പ്രവാചകശബ്ദം 10-07-2024 - Wednesday

ജെറുസലേം: ഗാസയിലെ കത്തോലിക്കാ സ്‌കൂളിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഞായറാഴ്ച രാവിലെ ഗാസ സിറ്റിയിലെ ഹോളി ഫാമിലി സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള വാർത്തകൾ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നതെന്നും സ്ഥാപനത്തിലുണ്ടായ നാശം ചിത്രങ്ങളില്‍ വ്യക്തമാണെന്നും ജെറുസലേം പാത്രീയാര്‍ക്കീസ് ​​കർദ്ദിനാൾ പിയര്‍ബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. ഗാസയിലെ വിദ്യാലയത്തിലും യുക്രൈനിലെ ഏറ്റവും വലിയ ശിശുരോഗാശുപത്രിയുൾപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചിരിന്നു.

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻ്റെ സ്വത്തായ ഹോളി ഫാമിലി സ്കൂൾ, ഭവനം ഉപേക്ഷിച്ച് പലായനം ചെയ്ത നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമായിരുന്നു. തങ്ങളുടെ കുടുംബങ്ങളും കുട്ടികളും സുരക്ഷിതരായിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു ഇടമായിരിന്നു ഇത്. എന്നാൽ ഗാസയിൽ സുരക്ഷിതമായ യാതൊരു സ്ഥലവുമില്ലായെന്നാണ് പുതിയ ആക്രമണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഹോളി ഫാമിലി സ്കൂൾ യുദ്ധത്തിൻ്റെ തുടക്കം മുതൽ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമാണെന്നും പൗരന്മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുകയാണെന്നും പാത്രിയാർക്കേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

“ഞങ്ങൾ കർത്താവിൻ്റെ കരുണയ്‌ക്കായി പ്രാർത്ഥിക്കുന്നത് തുടരുന്നു. പ്രദേശത്തെ ഭയാനകമായ രക്തച്ചൊരിച്ചിലും മാനുഷിക ദുരന്തവും ഉടൻ അവസാനിപ്പിക്കുന്ന കരാറിൽ കക്ഷികള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയ്ക്ക് ചുറ്റും ശക്തമായ പോരാട്ടം നടക്കുന്നതിനാൽ സ്വന്തം വൈദികർക്കും സമൂഹത്തിലെ അംഗങ്ങൾക്കും സ്ഥലത്ത് എത്താൻ കഴിയാത്തതിനാൽ അക്രമങ്ങളുടെ വ്യാപ്തിയെ കുറിച്ച് കണക്കുകളില്ലായെന്നും പാത്രിയാർക്കേറ്റ് വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആയിരക്കണക്കിന് പലസ്തീൻ സ്വദേശികളാണ് പലായനം ചെയ്യുന്നത്.


Related Articles »