News - 2024

അൽഫോൻസാ: തിളങ്ങുന്ന വിശുദ്ധി സമ്മാനിച്ചവൾ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 12

 സി. റെറ്റി FCC 12-07-2024 - Friday

"കർത്താവിനോട് എപ്പോഴും വിശ്വസ്ത ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ശ്രമിച്ചു. വാക്കു മാറുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം" - വിശുദ്ധ അൽഫോൻസാ.

ബ്രഹ്മചര്യം മാലാഖയ്ക്ക് അടുത്ത പുണ്യം, സ്വർഗ്ഗീയ പുണ്യം എന്നൊക്കെ അറിയപ്പെടുന്നു തങ്ങളുടെ കന്യകാത്വം ദൈവത്തിനു സമർപ്പിക്കുന്നവർ ഈശോയുടെ മണവാട്ടികളാണ് എന്ന് വിശുദ്ധ പൗലോസ് അനുസ്മരിപ്പിക്കുന്നു. "ശുദ്ധമുള്ള മണവാട്ടിയെ പോലെ മിശിഹായ്ക്ക് കാഴ്ചവയ്ക്കാനായി നിങ്ങളെ ഞാൻ ഒരു മണവാളന് വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു"(2Cori 11/12).ബ്രഹ്മചാരികളുടെ സൗന്ദര്യം, പ്രകാശം, തിളക്കം, മഹത്വം, എന്നിവയെക്കുറിച്ച് വെളിപാട് ഗ്രന്ഥത്തിൽ പറയുന്നത് ഇപ്രകാരമാണ്.

"അവർ ബ്രഹ്മചാരികളാണ് അവരാണ് കുഞ്ഞാടിനെ അത് പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവർ" (വെളി 14/4). വിശുദ്ധ അംബ്രോസ് ഒരിക്കൽ പറയുകയുണ്ടായി: "മാലാഖമാരെ മാലാഖമാർ ആക്കുന്നത് ബ്രഹ്മചര്യം ആകുന്നു അതിനെ നശിപ്പിക്കുന്നവൻ പിശാച് ആകുന്നു".ദൈവസ്നേഹത്തെ പ്രതി ലൈംഗിക വിശുദ്ധിയിൽ ജീവിക്കുന്നവരെ കുറിച്ച് ഈശോ അരുളി ചെയ്യുന്നത് ഇപ്രകാരമാണ്" അവർ സ്വർഗ്ഗത്തിൽ മാലാഖമാരെ പോലെ ആയിരിക്കും"(Mt:22/30)

ബ്രഹ്മചര്യവ്രതം വഴി ഈശോയ്ക്ക് സമർപ്പണം ചെയ്തവരുടെ ശരീരവും മനസ്സും ആത്മാവും ദൈവത്തിന്റെ സ്വന്തമായിരിക്കുന്നു. സന്യാസികൾ അനുഷ്ഠിക്കുന്ന ദൈവരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ പ്രസാദവര ദാനമാണ്. സന്യാസ ജീവിതത്തിൽ സുവിശേഷ ഉപദേശങ്ങളുടെ പാലനം സുപ്രധാനമായി വിശുദ്ധ അൽഫോൻസാമ്മ കരുതി .ബ്രഹ്മചര്യ ജീവിത വാഗ്ദാനത്തിലൂടെ തന്റെ കന്യാകത്വം നിത്യമായി ദൈവത്തിന് സമർപ്പിക്കുകയും പൂർണ്ണമായി ആ വാഗ്ദാനത്തിൽ വിശ്വസ്ത ആയിരിക്കുകയും ചെയ്തു.

നിത്യ മണവാളനായ മിശിഹായ്ക്ക് നൽകുവാനുള്ള ഏറ്റവും വിശിഷ്ടമായ കാഴ്ചയായി കന്യാത്വത്തെ അവൾ ദർശിച്ചു.

അഗ്നിശുദ്ധിയിലൂടെ അൽഫോൻസാമ്മയുടെ ചാരിത്ര്യം സംരക്ഷിക്കപ്പെട്ടിരുന്നത് മൂലം ശുദ്ധതക്കെതിരായ പ്രലോഭനങ്ങൾ അവളെ അലട്ടിയില്ല. മാമോദിസയിൽ കിട്ടിയവരെ പ്രസാദം നഷ്ടപ്പെടുത്താതിരിക്കാൻ നല്ല ദൈവം എന്നെ അനുഗ്രഹിച്ചു എന്ന് അവൾക്ക് ഉറപ്പിച്ച് പറയാൻ കഴിഞ്ഞു. ഏക മണവാളനായ ഈശോയിൽ ധ്യാനനിരതയായി ജീവിച്ച് അൽഫോൻസാമ്മ തന്റെ ഹൃദയവും ശരീരവും വിശുദ്ധമായി സൂക്ഷിച്ചു.

ശുദ്ധതക്കെതിരായ ഒരു വിചാരം പോലും അവളുടെ മനസ്സിനെ സ്പർശിക്കാതിരിക്കാൻ ദൈവം പ്രത്യേകം തിരുമനസ്സായി . കൗമാരത്തിന്റെയും യൗവനത്തിന്റെയും നൂല്പാലങ്ങളിലൂടെ മനസ്സുറപ്പോടെ, ചാഞ്ചല്യം ഏതും കൂടാതെ നടന്നു മുന്നേറാൻ അവൾക്കു കഴിഞ്ഞു. ബ്രഹ്മചര്യത്തിലൂടെ യേശുവിന്റെ സ്നേഹ ജീവിതത്തിൽ അവൾ പങ്കുചേർന്നു. യേശു സ്നേഹിച്ചതുപോലെ ശത്രുവിനെയും മിത്രത്തെയും ഉൾക്കൊള്ളാനുള്ള മനോഭാവം അവൾ സ്വന്തമാക്കി. ബ്രഹ്മചര്യം സ്നേഹിക്കാനുള്ള ഒരു വ്രതം എന്ന് അൽഫോൻസാമ്മ മനസ്സിലാക്കി ആ സ്നേഹം അവളെ ഇന്നും ആയിരങ്ങളുടെ അമ്മയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

യഥാർത്ഥ ബ്രഹ്മചര്യം ഒരു സമൂഹത്തിനുള്ളിൽ ജീവിച്ചുകൊണ്ട് പൂർണ്ണമാക്കപ്പെടേണ്ട ഒന്നാണ്.സന്യാസം എന്ന ജീവിതശൈലി സ്വീകരിച്ചിട്ടുള്ള സമൂഹത്തിലെ സ്വന്തം സഹോദരങ്ങൾക്ക് പിന്തുണ നൽകുന്നതായിരിക്കണം ബ്രഹ്മചര്യത്തിന്റെ ക്രിയാത്മകത. അതാണ് അൽഫോൻസാമ്മ ചെയ്തത് തന്നിൽ ദൈവം നിക്ഷേപിച്ച മാതൃത്വം എന്ന ഗുണത്തിന് സഹജീവികളെ സ്നേഹിക്കുന്നതിലൂടെ അവൾ ഫലപുഷ്ടമാക്കി. "കന്യാത്വം മനുഷ്യരിൽ നിന്നും മാലാഖയെ സൃഷ്ടിക്കുമെന്ന്" വിശുദ്ധ ബർണാർഡ് പ്രസ്താവിച്ചിട്ടുണ്ട്. ദൈവരാജ്യത്തെ പ്രതിയുള്ള ബ്രഹ്മചര്യ ജീവിതം ആധുനിക മനുഷ്യന് ഒരു വെല്ലുവിളിയും ചോദ്യചിഹ്നവും ആണ്.

വ്യവസ്ഥകളില്ലാതെ അതിർവരമ്പുകൾ ഇല്ലാതെ സ്നേഹിച്ച് ഹൃദയത്തെ വിശാലമാക്കുവാൻ സഹോദരി സഹോദരന്മാരെ ക്ഷണിക്കുന്ന ബ്രഹ്മചര്യ ജീവിതം വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ദൈവത്തിനുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെ അടയാളവും പ്രകടനവും ആണ്. ഒരു ബ്രഹ്മചാരി ലോകത്തിന്റെ മുഴുവൻ പിതാവും അമ്മയും സഹോദരനും സഹോദരിയും ആണ്. അൽഫോൻസാമ്മയ്ക്ക് വ്രതാനുഷ്ഠാന ജീവിതം വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലുള്ള വളർച്ച പ്രാപിക്കൽ ആയിരുന്നു. രാജ പത്നിയുടെ അവകാശം എന്നതുപോലെ അൽഫോൻസാമ്മ തന്റെ കന്യാകാത്വം പിതാവിങ്കലേക്ക് അർച്ചനക്കായി ഉയർത്തി. ഈശോ തന്നെ അവളെ രൂപപ്പെടുത്തി തൻ്റെ കുരിശിനോട് ചേർത്തുനിർത്തി അതു വഴി അവളുടെ സമർപ്പിത ജീവിതം അനേകർക്ക് അനുഗ്രഹമായി തീർന്നു.


Related Articles »