News - 2025

ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക ആപ്ലിക്കേഷന്‍ 'ഹാലോ'യ്ക്കു വിലക്കിട്ട് ചൈന

പ്രവാചകശബ്ദം 17-07-2024 - Wednesday

ബെയ്ജിംഗ്/ വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടും ശ്രദ്ധ നേടി കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഹാലോയെ നീക്കം ചെയ്തെന്ന് ആപ്ലിക്കേഷന്‍റെ സ്ഥാപകനായ അലക്സ് ജോൺസാണ് അറിയിച്ചത്. “ചൈനയിലെ എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു” എന്ന വാക്കുകളോടെയായിരിന്നു ഹാലോ ആപ്പ് നീക്കം ചെയ്ത വിവരം അദ്ദേഹം വെളിപ്പെടുത്തിയത്.



വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ ജീവിതത്തെക്കുറിച്ചുള്ള പുതിയ ഓഡിയോ സീരീസ് "വിറ്റ്നസ് ടു ഹോപ്പ്" എന്ന പേരില്‍ അടുത്തിടെ ആരംഭിച്ചിരിന്നു. കമ്മ്യൂണിസത്തിനെതിരായ വിശുദ്ധൻ്റെ ചെറുത്തുനിൽപ്പിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരിന്നു. ഇതാകും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. 2018-ൽ ആരംഭിച്ചതിന് ശേഷം 150-ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് ഹാലോ. ഫെബ്രുവരിയിൽ, ഹാലോയുടെ ഡൗൺലോഡിന്റെ എണ്ണം എല്ലാ വിഭാഗങ്ങളിലുമുള്ള ആപ്പ് സ്റ്റോറിൽ ആദ്യമായി ഒന്നാമതെത്തിയിരിന്നു.

ചൈനയിലെ സഭ - ഗവൺമെൻ്റ് അനുവദിച്ച ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ എന്ന പേരിലും റോമിനോട് വിശ്വസ്തത പുലർത്തുന്ന സഭ "ഭൂഗര്‍ഭ സഭ" എന്ന പേരിലും വിഭജിക്കപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തു ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ ഭരണകൂടം അസ്വസ്ഥമാണെന്നു തെളിയിക്കുന്ന നിരവധി നടപടികള്‍ ഭരണാധികാരികളില്‍ നിന്നു ഉണ്ടായിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ആഗോള പ്രസിദ്ധമായ 'ഹാലോ' ആപ്പിന്റെ നിരോധനവും ചേര്‍ക്കപ്പെട്ടിരിക്കുന്നത്.


Related Articles »