News

പീഡനങ്ങളിലും തളരാതെ പാക്ക് ക്രൈസ്തവര്‍; ഏഴു ലക്ഷം ക്രൈസ്തവ വിശ്വാസികളുടെ വര്‍ദ്ധനവ്

പ്രവാചകശബ്ദം 20-07-2024 - Saturday

ഇസ്ല‌ാമാബാദ്: തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഏഴു ലക്ഷം ക്രൈസ്തവരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ൽ പാക്കിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിൽ 96.35 ശതമാനം മുസ്‌ലിംകളാണ്.

2017ൽ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ 2023ൽ 33 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ ഹിന്ദു ജനസംഖ്യ മൂന്നു ലക്ഷമാണു വർധിച്ചത്. 35 ലക്ഷത്തിൽനിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി. 2050 ആകുമ്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. ആറു വർഷത്തിനിടെ ക്രിസ്‌ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽ നിന്ന് 1.37 ശതമാനമായി ഉയർന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്‍. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. അവകാശം നിഷേധിച്ചും വ്യാജ മതനിന്ദ കേസുകള്‍ ആരോപിച്ചും ക്രൈസ്തവരെ വേട്ടയാടുന്നത് രാജ്യത്തു പതിവ് സംഭവമാണ്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യമെന്ന നിലയില്‍ ക്രൈസ്തവ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവ് ന്യൂനപക്ഷ സമൂഹത്തിന് പ്രതീക്ഷ പകരുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടിരിന്നു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടതു ഇക്കഴിഞ്ഞ ആഴ്ചയാണ്. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന പങ്കാളിത്തം ക്രൈസ്തവ വിരുദ്ധ പീഡനത്തിന് നേരിയ തോതിലെങ്കിലും ഇളവ് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.


Related Articles »