News - 2025
യുക്രൈൻ കാൽവരിയുടെ ഇരുണ്ട മണിക്കൂറില്‍, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി ലഭിക്കട്ടെ: പേപ്പല്‍ പ്രതിനിധി കർദ്ദിനാൾ പരോളിൻ
പ്രവാചകശബ്ദം 22-07-2024 - Monday
കീവ്: യുദ്ധത്തിന്റെ ഭീകരതയെ നേരിടുന്ന യുക്രൈൻ കാൽവരിയുടെ ഇരുണ്ട മണിക്കൂറിലാണെന്നു പേപ്പല്‍ പ്രതിനിധി കർദ്ദിനാൾ പിയട്രോ പരോളിൻ. ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി യുക്രൈനിൽ സന്ദർശനം നടത്തുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ, കർമ്മല മാതാവിന്റെ തീർത്ഥാടനകേന്ദ്രമായ ബേർദിച്ചിവ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചു വചനസന്ദേശം നല്‍കുകയായിരിന്നു. കാൽവരിയുടെ ഇരുണ്ട മണിക്കൂർ അനുഭവിക്കുന്ന നാട്ടിൽ, ജീവന്റെ വിജയത്തിന്റെ തെളിവായി നൽകപ്പെട്ട ക്രിസ്തുവിന്റെ പുനരുത്ഥാനം ശക്തി പകരട്ടെയെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.
വചനസന്ദേശ വേളയിൽ, യുക്രൈൻ ജനതയോടുള്ള തന്റെ പ്രാർത്ഥനയും, സാമീപ്യവും കർദ്ദിനാൾ അറിയിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുമ്പോൾ, സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു, കൊതിയോടെ നാം സ്വപ്നം കാണണമെന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു. ചരിത്രത്തിൽ, യുക്രൈൻ ജനതയ്ക്ക് പരിശുദ്ധ അമ്മ നൽകിയ നിരവധി അത്ഭുത പ്രവൃത്തികളെയും അദ്ദേഹം അനുസ്മരിച്ചു. 'മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന' വചനം ഉദ്ധരിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസം കൂടുതൽ ദൃഢമാക്കുവാൻ പരിശ്രമിക്കണമെന്നും കർദ്ദിനാൾ പറഞ്ഞു.
കോപവും ക്രോധവും, യുദ്ധങ്ങളും കൊലപാതകങ്ങളും മൂലം നമ്മുടെ ബുദ്ധി അന്ധമാകുന്നു. അതിനാൽ ഇത്തരം മാരകമായ അവസ്ഥകളിൽ നിന്നും രക്ഷിക്കുവാൻ ഇടതടവില്ലാതെ പ്രാർത്ഥിക്കണം. ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ഒരിക്കലും നഷ്ടപ്പെടുത്തരുത്. വേദനയും വൻ നാശവും ദൈവിക നന്മയിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുമ്പോൾ അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് എല്ലായ്പ്പോഴും നമ്മെ ഓർമിപ്പിക്കുന്ന ദൈവവചനത്താൽ ആശ്വസിപ്പിക്കാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാമെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു.
ദുഃഖവെള്ളിയുടെ ഇരുട്ടിൽ നിന്ന് ഉത്ഥാനത്തിന്റെ തിളക്കമാർന്ന പ്രഭാതം വിടർന്നതുപോലെ, സമാധാനത്തിന്റെ പൊൻപുലരി, യുക്രൈനിൽ എത്രയും വേഗം തെളിയട്ടെ. പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചുക്കൊണ്ടാണ് കര്‍ദ്ദിനാള്‍ സന്ദേശം ചുരുക്കിയത്. ജൂലൈ പത്തൊൻപതാം തീയതി, വെള്ളിയാഴ്ചയാണ് അദ്ദേഹം യുക്രൈനിൽ എത്തിച്ചേർന്നത്. യുദ്ധത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചുക്കൊണ്ടിരിക്കുന്ന വിവിധ യുക്രൈൻ നഗരങ്ങൾ സന്ദർശിച്ച അദ്ദേഹം വിവിധ മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച്ചകൾ നടത്തിയിരിന്നു.
