News - 2024

യുക്രൈന്‍ ജനതയുടെ പുനരധിവാസത്തിന് 'സൂപർ' പദ്ധതിയുമായി ഇറ്റാലിയന്‍ സഭ

പ്രവാചകശബ്ദം 23-07-2024 - Tuesday

റോം: റഷ്യ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈന്‍ ജനതയ്ക്കു സാന്ത്വനവുമായി ഇറ്റാലിയന്‍ സഭ. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഇറ്റാലിയന്‍ വിഭാഗം യുക്രൈനിലെ ജനങ്ങൾക്കായി 18 കോടിയോളം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. യുക്രൈനിലെ ജനതയുടെ അടിയന്തിര സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പിന്തുണ എന്ന പേരിലുള്ള ഈ പദ്ധതി "സൂപർ" (S.U.P.E.R - Support Ukrainian Population for the Emergency and Rehabilitation) എന്ന ചുരുക്ക പേരിലാണ് അറിയപ്പെടുന്നത്.

സലേഷ്യൻ സന്യാസ സമൂഹം, കാരിത്താസ് സ്പേസ് സംഘടന, യുക്രൈന്‍ കാരിത്താസ്, യുക്രൈനിലെ പൊൾത്താവ്, കമിയാൻസ്കെ, ഖാർക്കിവ് എന്നിവിടങ്ങളിലെ പ്രാദേശിക കാരിത്താസ് സംഘടനകൾ പദ്ധതിയിൽ കൈകോർക്കുന്നുണ്ട്. റഷ്യ യുക്രൈന് നേർക്കു നടത്തുന്ന ആക്രമണം മൂലം പതിനായിരങ്ങളാണ് പലായനത്തിന് നിർബന്ധിതരായത്.

എല്ലായിടത്തും ഭക്ഷണം, ജലം, മരുന്ന്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അഭാവം രൂക്ഷമാണ്. ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായ പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ കാരിത്താസ് സംഘടന “സൂപർ” പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുക്രൈനിലെ പല ദുരിത മേഖലകളിലും വത്തിക്കാന്‍ നേരത്തെ നിരവധി തവണകളായി സഹായമെത്തിച്ചിരിന്നു.


Related Articles »