News - 2024

നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ അമേരിക്ക മൗനം വെടിയണം, ഇടപെടല്‍ വേണം: ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ

പ്രവാചകശബ്ദം 24-07-2024 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ആക്രമണത്തില്‍ അമേരിക്കന്‍ ഭരണകൂടം മൗനം വെടിയണമെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി). പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടി. ഐസിസി പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ വര്‍ഷം സംഘടനയുടെ പ്രതിനിധികള്‍ നൈജീരിയ സന്ദർശിച്ചതിൻ്റെ നേരിട്ടുള്ള സാക്ഷ്യവും കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നൈജീരിയൻ ക്രൈസ്തവരുടെ നിലവിളി ചെവിയില്‍ പതിക്കുകയാണെന്നും സഹായത്തിനായുള്ള അവരുടെ അപേക്ഷയ്ക്കു അമേരിക്ക ഉത്തരം നൽകേണ്ട സമയമാണിതെന്നും സംഘടന വ്യക്തമാക്കി. നിർഭാഗ്യവശാൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളായി, പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. 2009-ൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ചയ്ക്കു ശേഷം നൈജീരിയയിലെ ക്രൈസ്തവ സമൂഹം വലിയ രീതിയിലുള്ള തീവ്രവാദ അക്രമങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

2023-ൽ കുറഞ്ഞത് 4,700 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമത്തിന് പിന്നിലെ ഗ്രൂപ്പുകൾ മതത്താൽ ശക്തമായി സ്വാധീനിക്കപ്പെട്ടവരാണെന്നും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ഫുലാനിയിലെ ഹെര്‍ഡ്സ്മാന്‍ തുടങ്ങിയവരാണ് ക്രിസ്ത്യാനികളെ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും സംഘടന പറയുന്നു. വിഷയത്തില്‍ അമേരിക്ക തുടരുന്ന നിസംഗതയാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും കൃത്യമായ നടപടി വേണമെന്നും ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ അമേരിക്കന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.


Related Articles »