India - 2025

മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകം: കെസിബിസി ജാഗ്രത കമ്മീഷൻ

പ്രവാചകശബ്ദം 31-07-2024 - Wednesday

മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. ഏതാനും പെൺകുട്ടികളെ മുന്നിൽ നിർത്തി കോളേജിൽ നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 26) കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടത്തിയ സമരത്തെ കേരളസമൂഹം അമ്പരപ്പോടെയാണ് കണ്ടത്. ഇത്തരമൊരു നീക്കത്തെയും അതിന് പിന്നിലെ ചേതോവികാരങ്ങളെയും മതഭേദമന്യേ മലയാളികൾ ഒന്നടങ്കം തള്ളിപ്പറഞ്ഞു. സമൂഹത്തിൽ മതപരവും വർഗ്ഗീയവുമായ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന ആശയപ്രചരണങ്ങളും നിർബ്ബന്ധബുദ്ധികളും ദോഷകരമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് നൽകാൻ ഈ സംഭവവികാസങ്ങൾ വഴിയൊരുക്കി.

കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും മാതൃകാപരമായിരുന്നു. പ്രകോപനപരമായ നീക്കം നടത്തിയ വിദ്യാർത്ഥികളോട്, സഭയുടെ ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ, സംയമനത്തോടെയും സ്നേഹവാത്സല്യങ്ങളോടെയുമാണ് മാനേജ്‌മെന്റ് ഇടപെട്ടത്. നിസ്സാരമായ സംഭവങ്ങൾപോലും കലഹങ്ങളിലേയ്ക്കും കലാപങ്ങളിലേയ്ക്കും സമുദായങ്ങൾക്കിടയിലെ വിള്ളലുകളിലേയ്ക്കും നയിക്കുന്ന ഒട്ടേറെ മുൻകാല അനുഭവങ്ങൾ നമുക്കുമുന്നിൽ ഉണ്ടായിരിക്കെ, ഇത്തരമൊരു വേറിട്ട അനുഭവം സാമുദായിക സഹോദര്യത്തിന് പുതിയൊരു മാർഗ്ഗദീപമായി മാറുന്നു.

ഈ ദൗർഭാഗ്യകരമായ സംഭവത്തെ മുഖ്യധാരാ ഇസ്ലാമിക സമൂഹവും നേതൃത്വങ്ങളും ഒരുപോലെ തള്ളിപ്പറഞ്ഞതും ഖേദപ്രകടനം നടത്തിയതും ശുഭോദർക്കമായിരുന്നു. അവിവേകപൂർണ്ണമായ എടുത്തുചാട്ടങ്ങളെയും സാമൂഹിക സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന നീക്കങ്ങളെയും തള്ളിപ്പറയാനും തിരുത്താനും തയ്യാറായ പ്രാദേശിക മഹല്ല് കമ്മിറ്റി ഉൾപ്പെടെയുള്ള സമുദായ നേതൃത്വങ്ങൾ അഭിനന്ദനം അർഹിക്കുന്നു. അതേസമയം, പൊതുസമൂഹത്തിൽ അമ്പരപ്പുളവാക്കിയ ഇത്തരമൊരു ആവശ്യവാദത്തിന്റെ പിന്നാമ്പുറങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.

തീവ്രചിന്താഗതികൾ ഒരു വിഭാഗം യുവജനങ്ങൾക്കിടയിൽ വേരാഴ്ത്തുന്നതും, ഘട്ടംഘട്ടമായി അത് വ്യാപിക്കുന്നതും തത്ഫലമായ അസ്വാരസ്യങ്ങൾ വിവിധ തലങ്ങളിൽ ഉടലെടുക്കുന്നതും വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും ആത്മാർത്ഥമായ തിരുത്തൽ നടപടികളും ആവശ്യപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സമുദായം മാത്രമല്ല, എല്ലാ സമുദായനേതൃത്വങ്ങളും ഇത്തരത്തിൽ ഒരു സ്വയം വിലയിരുത്തൽ നടത്തുകയും അപകടകരമായ മൗലികവാദ - തീവ്രവാദ ആശയങ്ങളുടെ പ്രചരണങ്ങളെ ചെറുത്തു തോൽപ്പിക്കുകയും വേണമെന്നും കെസിബിസി സാമൂഹിക ഐക്യ - ജാഗ്രത കമ്മീഷൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്

പറഞ്ഞു.


Related Articles »