News

കേരളത്തിലെ പ്രഥമ വൈദിക മിഷ്ണറി രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായിലിന്റെ ജീവത്യാഗത്തിന് 57 വര്‍ഷം

പ്രവാചകശബ്ദം 31-07-2024 - Wednesday

റാഞ്ചി: കേരളത്തിലെ പ്രഥമ വൈദിക മിഷ്ണറി രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായിൽ എസ്.ജെയുടെ ജീവത്യാഗത്തിന് 57 വര്‍ഷം. ഈശോയേ പ്രഘോഷിക്കാന്‍ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും മാറ്റി അനേകരുടെ ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായി നിലക്കൊണ്ട ഫാ. ജെയിംസ് റാഞ്ചിയില്‍വെച്ചു രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. തന്റെ അന്‍പത്തിരണ്ടു വര്‍ഷം നീണ്ട ജീവിത യാത്രയില്‍ അനേകം ആദിവാസികളെയും സാധാരണക്കാരെയും കൈപിടിച്ച് ഉയര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

ആരാണ് ഫാ. ജെയിംസ് കോട്ടായിൽ? ‍

1915 നവംബർ 15ന് പാലാ രൂപതയിലെ സെൻ്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് ചർച്ച് തുരുത്തിപ്പള്ളി ഇടവകയിലെ കോട്ടായിൽ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിളപറമ്പിൽ മറിയത്തിന്റെയും പുത്രനായി ജെയിംസ് കോട്ടായിൽ ജനിച്ചു. തിരുവനന്തപുരത്ത് ഇന്റർ മീഡിയറ്റ് പാസായതിനുശേഷം ചോട്ടാനാഗ്‌പൂർ ജെസ്യൂട്ട് മിഷനിൽ ചേർന്നു. 1948 നവംബർ 1ന് കർസിയോംഗിൽ പൗരോഹിത്യം സ്വീകരിച്ചു ജെസ്യൂട്ട് വൈദികനായി. അന്ന് അദ്ദേഹം സ്വീകരിച്ച മുദ്രാവാക്യം "ലോകം മുഴുവനും പോയി സുവിശേഷം പ്രസംഗിക്കുക" എന്നതായിരുന്നു. ബിറുവിലും ജെഷ്പൂർ രുപതയിലും മിഷൻ പ്രവർത്തനം നടത്തി. 1948-ൽ കുർസിംയോഗിൽ ആണ് പുരോഹിതനായി അഭിഷിക്തനായത് ബിറുവിൽ അദ്ദേഹം തന്റെ ശ്രേഷ്‌ഠമായ മിഷൻ പ്രവർത്തനം നടത്തി.

പിന്നീട് ജെഷ്‌പൂരിൽ അസിസ്റ്റൻസ് വൈദികനായും വികാരിയായും സേവനം അനുഷ്ഠിച്ചു. കുട്ടികളോട് ഒത്തിരി വാത്സല്യമുണ്ടായിരുന്ന ഫാ. ജെയിംസ് സംതോളി സെന്റ് മേരീസ് ഹൈസ്കൂളിന്റെ മിനിസ്റ്ററായും സേവനം അനുഷ്‌ഠിച്ചു. റാഞ്ചിയിലെ പല മിഷൻ ഇടവകകളിലും വളരെ വിജയകരമായി അദ്ദേഹം മിഷൻ പ്രവർത്തനം നടത്തിയിട്ടുണ്ട്. സ്വതേ ശാന്തസ്വഭാവക്കാരനും എല്ലാവരോടും സ്നേഹഭാവത്തിൽ പെരുമാറ്റിക്കൊണ്ടിരുന്ന വൈദികനുമായിരിന്നു ഫാ. ജെയിംസ്. അതിനുശേഷം ബീഹാറിന്റെ ഭാഗമായ റാഞ്ചിയിലെ നവാഠാട് പള്ളിയിൽ വികാരിയായി സേവനം അനുഷ്‌ഠിച്ചു. അദ്ദേഹത്തിൻ്റെ കർത്തവ്യനിഷ്ഠ വളരെയധികം ആളുകളുടെ ഹൃദയങ്ങളെ സ്വാധീനിച്ചിരിന്നു.

പാവപ്പെട്ട ആദിവാസികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചു. ആദിവാസികളുടെ ഇടയിൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സിസ്റ്റം കൊണ്ടുവന്ന അവരെ സമ്പാദ്യ ശീലം പഠിപ്പിച്ചു. ഇത് ആ പ്രദേശത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് കാരണമായി. ഇടവകകൾ തോറും ഇത് നടപ്പിൽ വരുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. പരിശുദ്ധ കന്യാമറിയത്തിന്റെ സൊഡാലിറ്റി സംഘടനയുടെ പ്രവർത്തനം വളർത്തുന്നതിൽ അദ്ദേഹത്തിന് പ്രത്യേക താല്‌പര്യം ഉണ്ടായിരുന്നു. ആദിവാസികളുടെ വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക ആത്മീയ പുരോഗതികൾക്കായി ഫാ. ജെയിംസ് തൻ്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. അദ്ദേഹം ആയിരങ്ങള്‍ക്കായി നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ അനേകരുടെ ജീവിതത്തിന് താങ്ങും തണലുമായി.

റാഞ്ചിയിൽനിന്നും ഏകദേശം 25 മൈൽ അകലെയുള്ള നവാഠാട് എന്ന ഇടവക പലതരത്തിലും വിഷമപ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും അദ്ദേഹം സ്കൂ‌ളുകളും മറ്റ് സ്ഥാപനങ്ങളും അദ്ദേഹം പണിതുടങ്ങി. ആദിവാസികളുടെ പുരോഗതിയെ തടയിടനായി സഭാ വിരോധികൾ ഫാ. ജെയിംസിനെ വധിക്കാനായി വാടക കൊലയാളികളെ ഏർപ്പാടു ചെയ്യുകയായിരിന്നു. 1967 ജൂലൈ 13-ാം തീയതി രാത്രി ഒന്‍പത് മണിയോടെ മാന്യമായ വേഷം ധരിച്ചിട്ടുള്ള രണ്ട് അപരിചിതർ അദ്ദേഹത്തിന്റെ വസതിയിൽ വന്ന് കൂടിക്കാൻ വെള്ളവും കിടക്കാൻ ഇടവും ആവശ്യപ്പെടുകയായിരിന്നു.

വെള്ളം കുടിച്ച ശേഷം കിടക്കുന്നതിനായി അച്ചൻ നിർദ്ദേശിച്ച സ്‌കൂളിലേക്ക് പോയി. ഏകദേശം ഒരു മണി കഴിഞ്ഞപ്പോൾ അവർ തിരിച്ച് പള്ളിമുറിയിലേക്ക് വന്നു. ഇതറിഞ്ഞ ഫാ. ജെയിംസ് വിവരമന്വേഷിക്കാനായി കതകുതുറന്നതും അക്രമികൾ അദ്ദേഹത്തെ കടന്നാക്രമിച്ചതും ഒന്നിച്ചായിരുന്നു. ദീനരോദനം കേട്ട് അടുത്തമുറിയിലുണ്ടായിരുന്ന ബ്രദർ തോമസ് ഉറക്കമുണർന്ന് കൂട്ടമണിയടിച്ചു. ആളുകൾ ഓടി ക്കൂടി. അപ്പോഴേക്കും ആ അക്രമികള്‍ കടന്നു കഴിഞ്ഞിരുന്നു. അഗാധമായ 13 മുറിവുകളേറ്റ് നിലംപതിച്ച അദ്ദേഹം രക്തത്തിൽ കിടന്ന് പിടയുകയായിരിന്നു.

ഓടിക്കൂടിയ ജനങ്ങൾ അദ്ദേഹത്തെ ഒരു കട്ടിലിലെടുത്ത് മൂന്ന് മൈൽ അകലെ ബസ് സ്റ്റാൻഡിലേക്ക് നടന്നു. അവിചാരിതമായി അവിടെ ഉണ്ടായിരുന്ന ഒരു ബസിൽ കയറ്റി ഏഴുമൈൽ അകലെ ഉണ്ടായിരുന്ന ഹോളി ഫാമിലി ഹോസ്‌പിറ്റലിൽ രാത്രി ഒന്നര മണിക്ക് എത്തിച്ചു. പല ഡോക്ടർമാരും മലയാളി നേഴ്‌സുമാരും കിണഞ്ഞുപരിശ്രമിച്ചിട്ടും ആ മിഷ്ണറിയുടെ ജീവൻ നില നിർത്താനായില്ല. റാഞ്ചിയിലെ ഹോളിഫാമിലി മാൻഡർ ഹോസ്‌പിറ്റലിൽവെച്ചാണ് 70 മണിക്കൂർ വേദന സഹിച്ച ശേഷം ജൂലൈ 16ന് കർമ്മലമാതാവിൻ്റെ തിരുന്നാൾ ദിനത്തില്‍ രക്തസാക്ഷി മകുടം ചൂടി അദേഹം യാത്രയായി. തൻ്റെ മരണത്തിന് കാരണക്കാരായവരോട് ക്ഷമിച്ചുകൊണ്ടാണ് ആ ധീരരക്ത സാക്ഷി യാത്രയായതെന്ന് സംസ്‌കാര ശുശ്രൂഷയിലെ ദിവ്യബലി മധ്യേ പ്രോവിൻഷ്യാളച്ചൻ പറഞ്ഞു. അദ്ദേഹം വികാരിയായിരുന്ന നവാഠാട് പള്ളിയിലെ ഇടവകക്കാരും മറ്റുള്ളവരും ശക്തമായ മഴയുണ്ടായിരുന്നിട്ടും മാൻഡർ പള്ളിയിലെ കബറിടം വരെ വിലാപയാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. മാണ്ടർ പള്ളിയുടെ സെമിത്തേരിയിലായിരിന്നു അദ്ദേഹത്തെ അടക്കം ചെയ്തത്. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ സഭ പരിപോഷിപ്പിക്കപ്പെടുമെന്ന് പറയുന്നതിന്റെ തനിയാവര്‍ത്തനം അവിടെയും കണ്ടു. അക്രൈസ്‌തവർ മാത്രമുണ്ടായിരുന്ന റാഞ്ചിയിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് ധാരാളം ക്രൈസ്തവരുണ്ട്.

57-ാം ചരമവാർഷികവും അനുസ്മരണവും ‍

ഫാ. ജെയിംസ് കോട്ടായിൽ എസ്.ജെ യുടെ 57-ാം ചരമവാർഷികവും അനുസ്മരണവും പാലാ രൂപതയിലെ തുരുത്തിപ്പള്ളി സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയില്‍ നടന്നിരിന്നു. വികാരി ഫാ. ജോസ് നെല്ലിക്ക തെരുവിൽ വിശുദ്ധ കുർബാനയ്ക്കും ഒപ്പീസിനും നേതൃത്വം നൽകി. ജൂലൈ 13 ന് തൃശൂര്‍ വലക്കാവ് സെൻ്റ് ജോസഫ് ചർച്ച് കോട്ടായിൽ കുടുംബയോഗവും ജെയിംസച്ചൻ്റെ 57-ാം വാർഷികവും നടത്തി. വിശുദ്ധ കുർബാനക്കും ഒപ്പീസിനും ഫാ. മാത്യു കോട്ടായിൽ സി‌എം‌എഫ് നേതൃത്വം വഹിച്ചു.

തുടർന്ന് നടന്ന അനുസ്മരണത്തിൽ .ജോയി കോട്ടായിൽ വലക്കാവ് സ്വാഗതവും ഫാ. മാത്യു കോട്ടായിൽ ജെയിംസച്ചൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് പ്രസംഗിച്ചു. തുടർന്ന് കോട്ടായിൽ കുടുംബയോഗം സെക്രട്ടറി സിജു കോട്ടായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടായിൽ കുടുംബയോഗം പ്രസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ മുഖ്യപ്രഭാഷണവും നടത്തി. ട്രഷറർ ജോമി കോട്ടായിൽ ആശംസകൾ നേർന്നു. സിസ്റ്റർ ലിസി ജോസ് തോപ്പിൽ, സിസ്റ്റർ സ്റ്റെഫി ആശംസകൾ നേർന്നു.


Related Articles »