News

ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുവാന്‍ സംഗീത നിശയുമായി അമേരിക്കന്‍ വൈദികര്‍

പ്രവാചകശബ്ദം 06-08-2024 - Tuesday

ടെക്സാസ്: അമേരിക്കയിലെ ടെക്സാസസിലെ ഗർഭധാരണ കേന്ദ്രങ്ങൾക്കായി പണം സ്വരൂപിക്കുവാന്‍ സംഗീത നിശയുമായി ആറ് കത്തോലിക്ക വൈദികർ. ഓഗസ്റ്റ് 6-9 തീയതികളിൽ നടക്കുന്ന സംഗീത നിശയില്‍ ഫാ. ഡേവിഡ് മൈക്കൽ മോസസ്, ഫാ. വിക്ടർ പെരസ്, ഫാ. കെവിൻ ലെനിയസ്, ഫാ. മാക്സ് കാർസൺ, ഫാ. മൈക്ക് എൽസ്നർ, ഫാ. അർമാൻഡോ അലജാൻഡ്രോ എന്നിവർ അടങ്ങുന്ന ബാൻഡാണ് പരിപാടി അവതരിപ്പിക്കുക. "ജീവന് വേണ്ടി കച്ചേരി" എന്ന പേരിലുള്ള പരിപാടി ഇന്നു ഓഗസ്റ്റ് 6-ന് ടെക്സസിലെ ഹട്ടോയിലുള്ള സെൻ്റ് പാട്രിക്സ് കാത്തലിക് ദേവാലയത്തിന്റെ പാരിഷ് ഹാളിലാണ് ആദ്യം അവതരിപ്പിക്കുക.

കത്തോലിക്കർ എന്ന നിലയിൽ ഗർഭഛിദ്രത്തിനെതിരെ നിലകൊള്ളാൻ മാത്രമല്ല, ജീവൻ നൽകുന്നതിന് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അമ്മമാരെ സഹായിക്കുന്നതിനും നിലകൊള്ളുകയാണെന്നും ഗർഭധാരണ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ, അമ്മയ്ക്കും കുഞ്ഞിനും വേണ്ടി സമഗ്രമായ പരിചരണവും സഹായവും ഉറപ്പുവരുത്തുവാന്‍ തങ്ങൾക്ക് കഴിയുന്നുണ്ടെന്നും ഫാ. കെവിൻ ലെനിയസ് പറഞ്ഞു. ഗർഭാവസ്ഥയില്‍ പ്രതിസന്ധി നേരിടുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി "കൺസേർട്ട് ഫോർ ലൈഫ്" ഇതിനോടകം 640,000 ഡോളര്‍ സമാഹരിച്ചിരിന്നു. നാളെ ആഗസ്റ്റ് 7ന് ടെക്സാസിലെ ഇർവിംഗിലുള്ള ഇർവിംഗ് കൺവെൻഷൻ സെൻ്ററിലും ഓഗസ്റ്റ് 9-ന് ഹൂസ്റ്റണിലെ ബയൂ മ്യൂസിക് സെന്‍ററിലും വൈദിക ബാന്‍ഡ് പരിപാടി അവതരിപ്പിക്കും.

ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപതയിലെ വൈദികനായ ഫാ. മോസസ്, ഇൻസ്റ്റാഗ്രാം റീലുകളിലൂടെ സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം ആരംഭിച്ച “കണ്‍സേര്‍ട്ട് ഫോർ ലൈഫ്” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ആരംഭം വ്യക്തിഗത ബാൻഡായിട്ടായിരിന്നുവെങ്കിലും കാലക്രമേണ തന്നോടൊപ്പം ചേരാൻ സംഗീതജ്ഞർ കൂടിയായ തൻ്റെ സഹ സെമിനാരിക്കാരെ ഫാ. മോസസ് ക്ഷണിക്കാൻ തുടങ്ങി. ഇത് യാഥാര്‍ത്ഥ്യമായപ്പോള്‍ വൈദിക ശുശ്രൂഷയോടൊപ്പം തങ്ങള്‍ക്ക് ലഭിച്ച താലന്ത് വേണ്ടവിധം ഉപയോഗിച്ച് അനേകരെ സ്വാധീനിക്കുകയാണ് ഇവര്‍.


Related Articles »