News - 2025
മിസിസിപ്പി നദിയില്‍ 14 അടി ഉയരമുള്ള അരുളിക്കയില്‍ 130 മൈൽ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുങ്ങുന്നു
പ്രവാചകശബ്ദം 07-08-2024 - Wednesday
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുങ്ങുന്നു. ഓഗസ്റ്റ് 14ന് ലൂസിയാനയിലെ ബാറ്റൺ റൂജിൽ ആരംഭിച്ച് അടുത്ത ദിവസം വൈകുന്നേരം ന്യൂ ഓർലിയാന്‍സ് എത്തുന്ന രീതിയിലാണ് ദിവ്യകാരുണ്യ പ്രദിക്ഷണം. 14 അടി ഉയരമുള്ള വലിയ അരുളിക്കയാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ഉപയോഗിക്കുക.
അമേരിക്കയില്‍ നടക്കുന്ന ദേശീയ ത്രിവത്സര ദിവ്യകാരുണ്യ നവോത്ഥാന പരിപാടികളോട് അനുബന്ധിച്ചാണ് നദീജല ദിവ്യകാരുണ്യ പ്രദിക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. നമ്മുടെ ദിവ്യകാരുണ്യമായ കർത്താവിനെ പങ്കുവെക്കാനുള്ള ദൗത്യത്തിനായി ബിഷപ്പുമാർ അയയ്ക്കുകയാണെന്നും ഈ വർഷത്തെ പത്താം വാർഷിക ഘോഷയാത്ര ലൂസിയാന സംസ്ഥാനത്തെയും അനുഗ്രഹിച്ചുകൊണ്ട് മിസിസിപ്പി നദിയിലൂടെ നീങ്ങുമെന്നും സംഘാടകരില്‍ ഒരാളായ ഫാ. ജോഷ് ജോൺസൺ പറഞ്ഞു. ബോട്ടിലൂടെ നീങ്ങുന്ന ദിവ്യകാരുണ്യ ഈശോയെ കുറഞ്ഞത് 14 വള്ളങ്ങളെങ്കിലും അനുഗമിക്കും.
17 അടി ഉയരമുള്ള കുരിശ് വഹിക്കാൻ ഒരു പ്രത്യേക ബോട്ടും ദിവ്യകാരുണ്യത്തിന്റെ വരവ് അറിയിക്കാന്‍ മണിയുമായി മറ്റൊരു ബോട്ടും അകമ്പടിയായിട്ടുണ്ടാകും. 130 മൈൽ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണയുണ്ട്. ദിവസാവസാനം ബോട്ടുകൾ എത്തുമ്പോൾ, മിഖായേല്‍ മാലാഖയുടെ ദേവാലയത്തില്‍ തുടര്‍ച്ചയായ രാത്രി ആരാധന നടക്കുമെന്നും സംഘടകര്‍ അറിയിച്ചു. അതേസമയം ലൂസിയാന ഗവർണറും പ്രാദേശിക മേയർമാരും നദിയിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ പങ്കെടുക്കാൻ ആഹ്വാനം നല്‍കിയിട്ടുണ്ട്.