News - 2025
അസാധ്യമായവയെ സാധ്യമാക്കുന്നവനാണ് ദൈവം: ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 09-08-2024 - Friday
വത്തിക്കാന്‍ സിറ്റി: മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാൻ സഹായിക്കുന്നവനാണ് ദൈവമെന്നു ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഓഗസ്റ്റ് ഏഴ് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ച മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. യേശുവിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്‌തരാക്കുമെന്നും നമ്മുടെ ശക്തിക്കതീതമായ കാര്യങ്ങൾക്ക് മുന്നിൽ, ദൈവത്തിൽ സഹായം കണ്ടെത്താനും, അതുവഴി നമ്മുടെ പരിമിതികളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
ആറായിരത്തോളം ആളുകളുടെ സാന്നിധ്യത്തിൽ നടത്തിയ പ്രഭാഷണത്തിൽനിന്നെടുത്ത ഒരു ഭാഗം സാമൂഹ്യ മാധ്യമമായ എക്‌സിൽ പാപ്പ കുറിച്ചിരിന്നു. "നമ്മുടെ കഴിവുകൾക്കു അതീതമായ ചില സാഹചര്യങ്ങളിൽ, നാം ജീവിതത്തിൽ ചിലപ്പോഴൊക്കെ "ഈ സാഹചര്യത്തെ എനിക്ക് എങ്ങനെ നേരിടാനാകും?" എന്ന് സ്വയം ചോദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ, "ദൈവത്തിന് അസാധ്യമായി ഒന്നുമില്ല" (ലൂക്കാ 1: 37) ഓർക്കുന്നത് സഹായകരമാണ്. "നാം ഇത് വിശ്വസിച്ചാൽ, നമുക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും" എന്നായിരുന്നു പാപ്പാ എക്‌സിൽ കുറിച്ചത്.