Editor's Pick - 2024

പ്രവാചക ശബ്ദത്തിലൂടെ സുവിശേഷ വേല ചെയ്യാന്‍ താല്‍പര്യമുണ്ടോ?

സ്വന്തം ലേഖകന്‍ 27-08-2016 - Saturday

സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്‍റര്‍നെറ്റ് പോലുള്ള പുതിയ മാധ്യമങ്ങളിലൂടെ കൂടുതലായി ശ്രമിക്കേണ്ടതിന്‍റെ ആവശ്യകത സഭ പലപ്പോഴും എടുത്തു പറയുന്നുണ്ട്. “അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുര മുകളില്‍ നിന്ന് ഘോഷിക്കുവിന്‍” (മത്തായി 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ചുകൊണ്ടും അതിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തി കൊണ്ടും പ്രവാചക ശബ്ദം ഇന്‍റര്‍നെറ്റിലൂടെയുള്ള ദൗത്യം ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷവും ഒരു മാസവും പിന്നിടുന്നു.

ഇത്രയും ചുരുങ്ങിയ നാളുകള്‍ കൊണ്ട് ലക്ഷക്കണക്കിന്‌ ആളുകളിലേക്ക് സുവിശേഷത്തിന്‍റെ സന്ദേശമെത്തിക്കുവാന്‍ പ്രവാചക ശബ്ദത്തിനു സാധിച്ചു എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. ഈ ഓണ്‍ലൈന്‍ പത്രത്തിന്‍റെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ ഇതിന്‍റെ ടീം അംഗങ്ങളായ ഞങ്ങള്‍ക്ക് യാതൊരു മഹിമയും അവകാശപ്പെടാനില്ല. “ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളൂ” (ലൂക്കാ 17:10) എന്ന വലിയ സത്യം ഞങ്ങള്‍ തിരിച്ചറിയുന്നു.

“നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന നമ്മുടെ കര്‍ത്താവിന്‍റെ ആഹ്വാനമനുസരിച്ച്‌ സുവിശേഷവേല ചെയ്യുവാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്തുതന്നെയുമാകട്ടെ, നാം ആയിരിക്കുന്ന അവസ്ഥയില്‍ നിന്നുകൊണ്ട് നമുക്ക് സുവിശേഷവേല ചെയ്യുവാന്‍ സാധിക്കും.

നമ്മേ വഴി നടത്തുന്ന നമ്മുടെ ദൈവത്തെക്കുറിച്ച് മറ്റുള്ളവരോട്‌ പറയുവാന്‍ ഒരു ദിവസം 10 മിനിറ്റ് എങ്കിലും മാറ്റിവക്കുവാന്‍ തയ്യാറാണോ? എങ്കില്‍ ഇതാ പ്രവാചകശബ്ദം നിങ്ങള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നു.

സുവിശേഷ വേല പ്രവാചക ശബ്ദത്തിലൂടെ

കര്‍ത്താവായ യേശു എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത് സുവിശേഷ വേലക്കായി പറഞ്ഞയക്കുന്ന ഭാഗം നാം ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്നു. അവര്‍ മടങ്ങിയെത്തിയപ്പോള്‍ നമ്മുടെ കര്‍ത്താവ് അവരോടു പറഞ്ഞു: “നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10:20). ഇപ്രകാരം സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുന്ന മഹത്തായ സുവിശേഷ വേലയിലേക്ക്, അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു കൊണ്ട് പരിശുദ്ധാത്മാവ് വഴി നടത്തുന്ന പ്രവാചക ശബ്ദം ടീമിലേക്ക് നിങ്ങളേയും ക്ഷണിക്കുന്നു.

പ്രവാചക ശബ്ദം ടീമിലേക്ക് കൂടുതൽ എഴുത്തുകാരെയും, എഡിറ്റര്‍മാരെയും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കുന്നവരെയും, ചിത്രകാര‍ന്മാരെയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍മാരെയും, സോഷ്യല്‍ മീഡിയ പ്രവർത്തകരെയും, സര്‍ക്കുലേഷന്‍ എക്സിക്യുട്ടീവുകളെയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന ടീം അംഗങ്ങളെയും ആവശ്യമുണ്ട്

ഇതില്‍ ഏതെങ്കിലും ഒരു മേഖലയിലൂടെ മഹത്തായ ഈ മാധ്യമ ശുശ്രൂഷയില്‍ പങ്കു ചേരുവാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഈ മേഖലയില്‍ നിങ്ങൾക്ക് മുന്‍പരിചയമില്ലെങ്കില്‍ സ്വാഭാവികമായും “ഇതിന് എനിക്ക് കഴിയുമോ?” എന്ന ഒരു ചിന്ത മനസ്സിലേക്ക് കടന്നു വരാം.

സുവിശേഷ വേലക്കു വേണ്ടി ഒരു ദിവസം 10 മിനിറ്റെങ്കിലും മാറ്റിവയ്ക്കുവാന്‍ നാം തയ്യാറാണോ എന്നത് മാത്രമാണ് പ്രധാനം. കഴിവും കൃപാവരങ്ങളും നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട് നമ്മുടെ കഴിവുകളെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.

ഇസ്രായേല്‍ ജനം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പടിയിലായിരുന്നപ്പോള്‍ ദൈവം സഹായം ആവശ്യപ്പെട്ടത് ഇസ്രായേലിലെ മഹാന്മാരും ബഹുമാനിതരുമായ ആളുകളില്‍ നിന്നല്ല, പിന്നെയോ ജെറമിയ എന്നു പേരുള്ള ഒരു യുവാവില്‍ നിന്നാണ്. ജെറമിയ അത്ഭുത പരതന്ത്രനായി പറഞ്ഞു: “ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്. സംസാരിക്കാന്‍ എനിക്കു പാടവമില്ല” (ജെറ. 1:6). പക്ഷേ, ദൈവം പിന്തിരിഞ്ഞില്ല. അവിടുന്നു പറഞ്ഞു: “വെറും ബാലനാണെന്ന് നീ പറയരുത്. ഞാന്‍ ആരുടെയടുക്കലേക്കെല്ലാം അയക്കുന്നുവോ അവരുടെയെല്ലാം അടുക്കലേക്ക് നീ പോകണം, ഞാന്‍ കല്‍പ്പിക്കുന്നതെന്തും നീ സംസാരിക്കണം” (ജെറ 1:7).

അതുകൊണ്ട് നമ്മുടെ കഴിവുകളോ മുന്‍പരിചയമോ ഓര്‍ത്ത് നാം മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. നിങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തായിരുന്നാലും അവിടെയിരുന്നുകൊണ്ട് നിങ്ങള്‍ക്ക് പ്രവാചക ശബ്ദത്തിലൂടെ സുവിശേഷ വേല ചെയ്യുവാന്‍ സാധിക്കും.

നമ്മുടെ ജീവിതാവശ്യങ്ങള്‍ക്കും സോഷ്യല്‍മീഡിയക്കുമൊക്കെയായി നാം എത്രയോ സമയങ്ങളാണ് ഇന്‍റര്‍നെറ്റില്‍ ചെലവഴിക്കുന്നത്. ഈ ഇന്‍റര്‍നെറ്റിലൂടെ നമ്മുടെ കര്‍ത്താവിനെക്കുറിച്ച് പറയുവാന്‍ നാം സമയം കണ്ടെത്താറുണ്ടോ?

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞ വാക്കുകള്‍ നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. “ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല” (Benedict XVI, Verbum Domini).

പ്രവാചക ശബ്ദത്തോട് ചേര്‍ന്ന്‍ പ്രാര്‍ത്ഥിക്കുവാനോ പ്രവര്‍ത്തിക്കുവാനോ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക

ഞങ്ങളുടെ Email: editor@pravachakasabdam.com‍