India - 2025

ജീവന്റെ മഹത്വം വിളിച്ചോതി സാംസ്ക്കാരിക തലസ്ഥാനത്തെ മാർച്ച് ഫോർ ലൈഫ് റാലി

പ്രവാചകശബ്ദം 12-08-2024 - Monday

തൃശൂർ: ഓരോ മനുഷ്യ ജീവന്റെയും മൂല്യം പ്രഘോഷിച്ച് സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധ നേടി. കേരളത്തിൽ ആദ്യമായി നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് സമ്മേളനവേദിയായ സെന്റ് തോമസ് കോളജിലെ പാലോക്കാരൻ സ്ക്വയറിൽ നിന്നാരംഭിച്ച് തേക്കി ൻകാട് മൈതാനിയെ വലംവച്ച് സെൻ്റ തോമസ് കോളജ് അങ്കണത്തിൽതന്നെ സമാപിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നെത്തിയ പ്രതിനിധികൾ ജീവന്റെ സംരക്ഷണത്തിനായുള്ള റാലിയില്‍ മുദ്രാവാക്യങ്ങളുമായാണ് പങ്കെടുത്തത്.

ബാൻഡ് വാദ്യത്തിനും അനൗൺസ്മെൻ്റ് വാഹനത്തിനും പിന്നിലായി ബാനറും അതിനു ശേഷം ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, അന്തർദേശീയ, ദേശീയ പ്രതിനിധികൾ എന്നിവർ അണിനിരന്ന പരിപാടിയില്‍ തൃശൂർ അതിരൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും വിശ്വാസികളും മഹാറാലിയിൽ ഭാഗഭാക്കായി. നിശ്ചല ദൃശ്യങ്ങളും റാലിക്ക് മിഴിവേകി. രാവിലെമുതൽ ദേശീയ പ്രതിനിധികൾക്കും സംസ്ഥാന പ്രതിനിധികൾക്കുമായി പ്രത്യേകം സെമിനാറുകൾ നടന്നു.

തുടർന്നു നടന്ന സീറോ മലബാർ ക്രമത്തിലെ വിശുദ്ധ കുർബാനയ്ക്കു സിബിസിഐ പ്രസിഡൻ്റ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. അമരാവതി രൂപത ബിഷപ് ഡോ. മാൽക്കം പോളികാർപ്പ് സന്ദേശം നൽകി. തുടർന്നു ജീവൻ്റെ മൂല്യം പ്രമേയമാക്കി തൃശൂർ കലാസദന്റെ നാടകാവതരണവും ഉണ്ടായി. അടുത്ത വർഷത്തെ റാലി ബെംഗളൂരുവിൽ നടക്കും. ബെംഗളൂരു അതിരൂപതാ പ്രതിനിധികൾക്ക് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പതാക കൈമാറി. റാലിക്കു ശേഷം ജോയ് ഫുൾ സിക്‌സിന്റെ മ്യൂസിക് ബാൻഡും അരങ്ങേറി.


Related Articles »