News - 2024

നിക്കരാഗ്വേ ഏകാധിപത്യ സര്‍ക്കാര്‍ നാടുകടത്തിയ വൈദികര്‍ക്ക് റോമില്‍ അഭയം

പ്രവാചകശബ്ദം 12-08-2024 - Monday

മനാഗ്വേ: നിക്കാരാഗ്വേയിലെ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ കഴിഞ്ഞ 6 വര്‍ഷങ്ങളായി നടത്തിവരുന്ന ആസൂത്രിത അടിച്ചമര്‍ത്തല്‍ സമാനതകളില്ലാതെ തുടരുന്നു. ഏകാധിപത്യ ഭരണകൂടം അറസ്റ്റു ചെയ്ത വൈദികരെ നാടുകടത്തി. ഇവര്‍ റോമിലാണ് അഭയം തേടിയിരിക്കുന്നത്. കത്തോലിക്ക സഭയ്ക്കു നേരെയുള്ള കനത്ത നടപടികൾ കൈക്കൊള്ളുന്ന നിക്കരാഗ്വേയിൽ അകാരണമായി അറസ്റ്റു ചെയ്യപ്പെട്ട ഏഴു വൈദികരെ നാടുകടത്തുകയായിരിന്നു. ഫാ. വിക്ടർ ഗോദോയ്, ഫാ. ഹയിറൊ പ്രവീയ, ഫാ. സിൽവിയ റൊമേരൊ, ഫാ. എദ്ഗാർ സ്കാസ, ഫാ. ഹാർവിൻ തോറെസ്, ഫാ. ഉലീസെസ് വേഗ, ഫാ. മർലോൻ വെലാസ്ക്കെസ് എന്നീ വൈദികരാണ് ഇപ്പോൾ റോമിൽ എത്തിയിരിക്കുന്നത്. മതഗൽപ, എസ്തേലി എന്നീ രൂപതകളിൽപെട്ട വൈദികരാണ് ഇവര്‍.

എട്ടാംതീയതി വ്യാഴാഴ്‌ചയാണ് ഇവര്‍ റോമിൽ എത്തിചേര്‍ന്നത്. നിക്കരാഗ്വേയിലെ ഏകാധിപത്യ സര്‍ക്കാര്‍ കത്തോലിക്ക വൈദികരെ നാടുകടത്തുന്നത് ഇത് അഞ്ചാം തവണയാണ്. 2022 ഒക്ടോബറിലും 2023 ഫെബ്രുവരിയിലും രണ്ടു സംഘം വൈദികർ അമേരിക്കൻ ഐക്യനാടുകളിലേക്കും 2023 ഒക്ടോബറിലും 2024 ജനുവരിയിലുമായി മറ്റു രണ്ടു സംഘം വൈദികർ റോമിലേക്കും നാടുകടത്തപ്പെട്ടിരുന്നു. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കത്തോലിക്കാ കന്യാസ്ത്രീകളെയും, കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള ഏകാധിപത്യ ഭരണകൂടം നാടുകടത്തിയിരുന്നു.

2018 ഏപ്രില്‍ മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഭരണകൂട നടപടിയെയും, പോലീസിന്റെ അടിച്ചമര്‍ത്തലിനേയും കത്തോലിക്ക സഭ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളില്‍ കത്തോലിക്ക സഭ നിലപാട് കടുപ്പിച്ചിരിന്നതിനാല്‍ വൈദികരും മെത്രാന്‍മാരും അമേരിക്കയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ഒര്‍ട്ടേഗ ആരോപിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നിയും അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കത്തോലിക്ക സഭക്കെതിരെ നടത്തിവരുന്ന അടിച്ചമര്‍ത്തലുകളെ വിവിധ രാഷ്ട്രങ്ങള്‍ അപലപിച്ചിച്ചിരിന്നു.


Related Articles »