News - 2024
നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യത്തില്‍ മെത്രാന്മാരും വൈദികരും സമർപ്പിതരുമുൾപ്പടെ 245 പേരെ നാടുകടത്തി
പ്രവാചകശബ്ദം 21-08-2024 - Wednesday
മനാഗ്വേ: സ്വേച്ഛാധിപത്യത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയില്‍ ഭരണകൂടത്തിന്റെ കിരാത നിര്‍ദ്ദേശങ്ങളെ തുടര്‍ന്നു ഇതുവരെ നാടുകടത്തപ്പെട്ടത് മെത്രാന്മാരും വൈദികരും വൈദികാർത്ഥികളും സമർപ്പിതരുമുൾപ്പടെ 245 പേരെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ദിവസം രണ്ടു വൈദികരെ കൂടി നാടുകടത്തിയതോടെയാണ് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുക്കൊണ്ടുള്ള കണക്കുകള്‍ വത്തിക്കാന്‍ ന്യൂസ് പുറത്തുവിട്ടത്. എസ്തേലി രൂപത വൈദികനായ ഫാ. ലെയൊണേൽ ബൽമസേദ, മതഗൽപ രൂപത വൈദികനായ ഫാ. ഡെനീസ് മർത്തീനെസ് എന്നിവരാണ് അവസാനമായി നാടുകടത്തപ്പെട്ടത്.
ഇക്കഴിഞ്ഞ പത്താം തീയതി ഇരുവരെയും അകാരണമായി അറസ്റ്റ് ചെയ്തിരിന്നു. ഇവരെ റോമിലേക്കാണ് അയച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴാം തീയതി ഏഴു വൈദികരെ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം റോമിലേക്കു നാടുകടത്തിയിരുന്നു. 2018 മുതല്‍ സര്‍ക്കാര്‍ നാടുകടത്തിയ കത്തോലിക്ക സഭാംഗങ്ങളില്‍ അപ്പസ്തോലിക് ന്യൂൺഷോ ആര്‍ച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗും മൂന്നു മെത്രാന്മാരും 136 വൈദികരും 3 ഡീക്കന്മാരും11 വൈദികാർത്ഥികളും 91 സന്യാസിസന്യാസിനികളും ഉൾപ്പെടുന്നു. നേരത്തെ മതഗൽപ രൂപതയുടെ മെത്രാനായ റൊളാണ്ടോ അല്‍വാരെസ്, ബിഷപ്പ് സിൽവിയോ ബയേസ്, 14 വൈദികർ എന്നിവരുൾപ്പടെ 19 പേരെ രാജ്യദ്രോഹികൾ എന്ന മുദ്രകുത്തുകയും അവരുടെ പൗരത്വം സർക്കാർ എടുത്തുകളയുകയും ചെയ്തിരിന്നു.
രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ടായിരിന്നു. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ കൊണ്ട് കുപ്രസദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയുടെ ഭരണകൂടം മനുഷ്യത്വരഹിതമായ ഇടപെടല്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല.