News

ദിവ്യബലി, ബൈബിള്‍, ജപമാല എന്നിവയുടെ ശക്തി; ദൈവത്തിന് നന്ദിയര്‍പ്പിച്ച് ഒളിമ്പിക്സ് മെഡൽ നേടിയ പെറുവിയൻ അത്‌ലറ്റ്

പ്രവാചകശബ്ദം 23-08-2024 - Friday

ലിമ: 32 വർഷത്തിനിടെ തന്റെ രാജ്യത്തിനായി ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയ പെറുവിയൻ അത്‌ലറ്റായ സ്റ്റെഫാനോ പെസ്ചിയേര തന്റെ വിജയം ദൈവത്തിന് സമര്‍പ്പിച്ചു. പാരീസ് 2024 ഒളിമ്പിക് ഗെയിംസിൽ കപ്പലോട്ടത്തിൽ വെങ്കല മെഡൽ നേടി രണ്ടാഴ്ചയ്ക്ക് ശേഷം, ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താന്‍ വിശ്വാസമുള്ള ഒരു മനുഷ്യനാണെന്നും ഈ പാതയിൽ ആയിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനിടെ പ്രാർത്ഥനയിലും വിശ്വാസപരമായ കാര്യങ്ങളിലുമാണ് താന്‍ അഭയവും ശാന്തതയും കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു.

വിശ്വാസം താരത്തിന്റെ സ്വകാര്യ ജീവിതത്തിൻ്റെ ഭാഗം മാത്രമല്ല, ഒരു കായികതാരമെന്ന നിലയിൽ വിജയത്തിൽ നിർണായക പങ്കായി സ്റ്റെഫാനോ വിശേഷിപ്പിക്കുന്നതും തന്റെ ക്രിസ്തു വിശ്വാസത്തെയാണ്. ബൈബിള്‍, ജപമാല എന്നിങ്ങനെയുള്ളവ തനിക്ക് തന്ന നിരവധി ആളുകളിൽ നിന്ന് അവിശ്വസനീയമായ ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ആരോഗ്യത്തിനും ലഭിക്കുന്ന അവസരങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഞാൻ എല്ലാ രാത്രിയും പ്രാർത്ഥിക്കുന്നു. അവസരങ്ങളിലൂടെയും ആരോഗ്യത്തോടെയും ഞങ്ങളെ ദൈവം അനുഗ്രഹിക്കുന്നത് തുടരാൻ അവിടുത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും സ്റ്റെഫാനോ പറയുന്നു.



ഈ വർഷം തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസകരമായ സമയങ്ങളിലൂടെയാണ് താൻ കടന്നുപോയത്. എന്നാൽ എന്റെ അമ്മ എപ്പോഴും പ്രാർത്ഥിക്കാൻ തന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. അവസാനം, ആ പ്രതിസന്ധിയുടെ നിമിഷങ്ങളെ മറികടക്കാൻ കർത്താവ് എന്നെ സഹായിച്ചു. താൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു. ഞാൻ എപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നു. ഞാൻ അവിടുത്തോട് അടുത്തിരുന്നു എന്ന വസ്തുതയില്‍ മാറ്റമില്ല. ഇന്നും ഞാൻ അവനിൽ വിശ്വസിക്കുന്നു. ഞാൻ എൻ്റെ വിശ്വാസത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

എല്ലാ ദിവസവും രാവിലെയും രാത്രിയും ഞാൻ എന്നെത്തന്നെ ദൈവത്തിന് ഭരമേല്‍പ്പിച്ചു. ഒരു അർജൻ്റീനിയൻ സുഹൃത്തിൻ്റെ അമ്മ എനിക്ക് ജപമാലയും മെഡ്ജുഗോറിയിലെ ഒരു കാർഡും നൽകി. ഒളിമ്പിക്‌സിന് മുമ്പ് 30 ദിവസം ഞാൻ അവരുടെ സംഘത്തോടൊപ്പം പ്രാർത്ഥിച്ചപ്പോഴും ഒരു ജപമാല അവര്‍ എനിക്ക് തന്നു. ആ ജപമാലകൾ എന്നെ അനുഗമിക്കുകയും മത്സരത്തിൻ്റെ ഓരോ ദിവസത്തെയും നേരിടാനുള്ള കരുത്ത് നൽകുകയും ചെയ്തു. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സമർപ്പണം ആവശ്യമാണെങ്കിലും, ഏറ്റവും ക്ഷീണിച്ച ദിവസങ്ങളിൽ പോലും തൻ്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ട്. പരാജയങ്ങളോ വിജയങ്ങളോ ആകട്ടെ, എന്ത് വന്നാലും നേരിടാനുള്ള ശക്തിയാണ് താന്‍ ദൈവത്തോട് യാചിക്കുന്നത്. വിശ്വാസത്തിൻ്റെ ഈ അനുഭവം ആളുകളുമായി പങ്കിടാൻ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും സ്റ്റെഫാനോ പെസ്ചിയേര വെളിപ്പെടുത്തി.


Related Articles »