India - 2025
ചങ്ങനാശേരി അതിരൂപത പുതിയ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്ന് നടന്നേക്കും
പ്രവാചകശബ്ദം 30-08-2024 - Friday
ചങ്ങനാശേരി: ചങ്ങനാശേരിയുടെ പുതിയ ആർച്ച് ബിഷപ്പിൻ്റെ പ്രഖ്യാപനം സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ഇന്നു നടത്തിയേക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തന്റെ ഔദ്യോഗിക ശുശ്രൂഷകളിൽ നിന്നു വിരമിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഞ്ചു വർഷവും ആർച്ച് ബിഷപ്പ് എന്ന നിലയിൽ 17 വർഷവും ശുശ്രൂഷ ചെയ്ത ശേഷമാണ് വിരമിക്കൽ.
2002 മേയ് 20ന് അതിരൂപതയുടെ 116-ാമത് വാർഷികദിനത്തിൽ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ കൈവയ്‌പുവഴിയാണ് മാർ പെരുന്തോട്ടം മെത്രാൻ പട്ടം സ്വീകരിച്ചത്. തുടർന്ന് അതിരൂപതയുടെ സഹായമെത്രാനായി ശുശ്രൂഷ ചെയ്തു. 2007 മാർച്ച് 19ന് ആർച്ച് ബിഷപ്പായി ചുമതലയേറ്റു.
സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും സീറോമലബാർ സ്ഥിരം സിനഡ് അംഗമായും പ്രവർത്തിച്ചു. സിബിസിഐ, കെസിബിസി, സീറോമലബാർ സിനഡ് എന്നിവയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനായും സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി (സിഎൽസി) അംഗമായും ദീർഘകാലം പ്രവർത്തിച്ചു.