News
മാർ പ്രിൻസ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് രൂപതയുടെ മെത്രാന്‍
പ്രവാചകശബ്ദം 30-08-2024 - Friday
കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. 2024 ആഗസ്റ്റ് മാസം 19 മുതൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിലെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ നടന്നുകൊണ്ടിരുന്ന മെത്രാൻ സിനഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെൻ്റ് തോമസിലും നടത്തി.
ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണു 2017 ൽ സ്‌ഥാപിതമായ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിലവിൽ അദിലാബാദ് രൂപതാമെത്രാനായ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്സഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപനം നടത്തി.
മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള കല്പ്പന മേജർ ആർക്കിഎപ്പിസ്കോപ്പൽ വൈസ് ചാൻസലർ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു. തുടർന്നു മേജർ ആർച്ചുബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെയും ഷാള്‍ അണിയിച്ചു.
ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഷംഷാബാദ് രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് ഇരുവർക്കും ബൊക്കെ നല്‌കി അനുമോദിച്ചു. പാലാ രൂപതാധ്യക്ഷനും പെർമനെൻ്റ് സിനഡ് അംഗവുമായ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് ആശംസകളർപ്പിച്ചു സംസാരിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന സിനഡുപിതാക്കന്മാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിലെ അംഗങ്ങളും പുതിയ നിയമനം ലഭിച്ച പിതാക്കന്മാർക്കു ആശംസകൾ നേർന്നു.
മാർ പ്രിൻസ് ആൻ്റണി
തൃശ്ശൂർ അതിരൂപതയിലെ അരിമ്പൂർ സെൻ്റ് ആൻ്റണീസ് ഇടവകയിൽ പി.ജെ. ദേവസ്സിയുടെയും എ. എം. കൊച്ചുത്രേസ്യായുടെയും രണ്ടാമത്തെ മകനായി 1977 മാർച്ച് 13-നാണു മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ജനിച്ചത്. സ്കൂൾ വിദ്യാ ഭ്യാസത്തിനുശേഷം അദേഹം സി.എം.ഐ. സന്ന്യാസസമൂഹത്തിൽ പരിശീലനം ആരംഭിച്ചു. നോവിഷ്യേറ്റു പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം അദിലാ ബാദ് രൂപതയ്ക്കുവേണ്ടി വൈദികപരിശീലനം തുടർന്നു. ബാംഗ്ലൂരിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു തത്വശാസ്ത്രവും ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയിൽനിന്നു ദൈവശാസ്ത്രവും പൂർത്തിയാക്കി.
2007 ഏപ്രിൽ 25നു മാർ ജോസഫ് കുന്നത്ത് പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കത്തീഡ്രൽ അസി. വികാരി, ഡാലിഗാഓൺ മിഷൻ സ്റ്റേഷൻ പ്രീസ്റ്റ് ഇൻ ചാർജ് എന്നീ നിലകളിൽ അജപാലനശുശ്രൂഷകൾ ചെയ്‌തു. ഉപരിപഠനത്തിനായി റോമി ലേക്കു അയ്ക്കപ്പെട്ട അദേഹം റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റി യിൽനിന്നു ബിബ്ലിക്കൽ തിയോളജിയിൽ പ്രശംസനീയമാംവിധം ഡോക്ടറേറ്റു നേടി. പിന്നീടു രൂപതയിൽ തിരിച്ചെത്തിയ അദ്ദേഹം 2015 ഒക്ടോബർ 29-നു അദിലാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഇറ്റാലിയൻ, ജർമൻ എന്നീ ഭാഷകളിൽ പ്രാവണ്യം ഉണ്ട്.
