News

നൈജീരിയ ഇരിക്കുന്നത് ടൈം ബോംബിൽ; അവസ്ഥ വിവരിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 31-08-2024 - Saturday

അബൂജ: അക്രമ കലുഷിതമായ നൈജീരിയ ഒരു ടൈം ബോംബിൽ ഇരിക്കുകയാണെന്ന് നൈജീരിയയിലെ കത്തോലിക്ക ബിഷപ്പ് കോൺഫറൻസിൻ്റെ (സിബിസിഎൻ) പ്രസിഡൻ്റും ഒവേരിയിലെ ആർച്ച് ബിഷപ്പുമായ ലൂസിയസ് ഉഗോർജി. എഡോ സ്റ്റേറ്റിലെ ഓച്ചിയിൽ, സിബിസിഎൻ്റെ രണ്ടാം പ്ലീനറി അസംബ്ലിയിലെ ഉദ്ഘാടന പ്രസംഗത്തിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദാരിദ്ര്യം, കഷ്ടപ്പാടുകൾ, അഴിമതികൾ എന്നിവയാൽ രാജ്യം വലയുന്നിടത്തോളം കാലം, നൈജീരിയയിലെ യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നിടത്തോളം കാലം ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുക തന്നെ ചെയ്യുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

തിന്മയെ നേരിടുന്നതിനുപകരം, സ്വന്തം ഉത്തരവാദിത്തങ്ങൾ ഒഴിവാക്കി ഒരു ബലിയാടിനെ തിരയാൻ ചില സർക്കാർ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. സത്യത്തിൽ ഞങ്ങൾ ഒരു ടൈം ബോംബിലാണ് ഇരിക്കുന്നത്, അതേസമയം സുരക്ഷ ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആശങ്ക ഉയർത്തുകയാണ്. നൈജീരിയന്‍ ജനതയ്ക്കു ദുരിതങ്ങള്‍ നല്‍കുന്ന തൻ്റെ സാമ്പത്തിക നയങ്ങൾ അവലോകനം ചെയ്യാൻ പ്രസിഡൻ്റ് ടിനുബുവിനെ ബിഷപ്പ് ക്ഷണിച്ചു.

#EndBadGovernance എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 1 മുതൽ 10 വരെ നൈജീരിയയിൽ ഉടനീളം പ്രകടനങ്ങളും പണിമുടക്കുകളും നടന്നിരിന്നു. സമാധാനപരമായ പ്രകടനക്കാർക്കിടയിൽ ഇതിനിടെ ക്രിമിനൽ സംഘങ്ങള്‍ നുഴഞ്ഞുകയറി. പോലീസിൻ്റെ ക്രൂരമായ ഇടപെടലില്‍ കുറഞ്ഞത് ഇരുപത് പേരാണ് മരിച്ചത്. വടക്കൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ അക്രമം നടന്നത്. അടിസ്ഥാന സാധനങ്ങളുടെ വിലയിലെ ക്രമാതീതമായ വർദ്ധനവ് പരിഹരിക്കുന്നതിനും തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തണമെന്നും അഴിമതി നിറഞ്ഞതും അനീതിയുള്ളതുമായ നീതിന്യായ വ്യവസ്ഥ പുനരാലോചിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രകടനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതിനിടെ ഏകദേശം 873 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.






Related Articles »