India - 2025
കത്തോലിക്ക കോൺഗ്രസ് ജാഗ്രതാ ദിനാചരണം നടത്തി
പ്രവാചകശബ്ദം 09-09-2024 - Monday
കൊച്ചി : നിർദ്ദിഷ്ട ഇഎസ് ഐയിൽ നിന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്നും, മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റുകളിൽ ജാഗ്രതാ ദിനാചരണം നടത്തി. റിസർവ് ഫോറസ്റ്റും സംരക്ഷിത മേഖലകളും ലോക പൈതൃക പ്രദേശവും മാത്രവും ഉൾപ്പെടുന്ന ഇ എസ് എ യുടെ ജിയൊ കോർഡിനേറ്റ്‌സ് ഉൾപ്പെടുന്ന മാപ്പ് കേന്ദ്ര മാനദണ്ഡ പ്രകാരം തയാറാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
ജനവാസ മേഖലകളും വനപ്രദേശവും ഉൾപ്പെടുന്ന വില്ലേജുകളെ വിഭജിച്ച് വനമേഖല മാത്രം ഇ എസ് എ വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്രത്തിന് ശിപാർശ നൽകണം.മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായി ജലനിരപ്പ് നൂറ് അടിയിലേക്ക് താഴ്ത്തി നിർത്തുവാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.അന്തർ ദേശീയ ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ട് മുല്ലപ്പെരിയാർ ഡാം പരിശോധിപ്പിക്കുന്നതിന് സുരക്ഷാ പരിശോധന സമിതിക്ക് മുമ്പാകെ കേരളം സമ്മർദ്ദം ചെലുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ജാഗ്രതാദിനാചരണത്തോടനുബന്ധിച്ച് യൂണിറ്റുകളിൽ മീറ്റിംഗുകൾ, ധർണ്ണകൾ, ജനപ്രതിനിധികൾക്ക് നിവേദനം സമർപ്പിക്കലുകൾ,പഞ്ചായത്ത് സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.ജാഗ്രതാ ദിനാചരണത്തിൻ്റെ ഗ്ലോബൽ തല ഉൽഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ.രാജീവ് കൊച്ചുപറമ്പിൽ തീക്കോയിയിൽ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രതിഷേധ സദസ്സിൽ തീക്കോയി ഫൊറോന വികാരി റവ ഡോ തോമസ് മേനാച്ചേരി ആമുഖപ്രഭാഷണം നടത്തി.
ഭാരവാഹികളായ അഡ്വ ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ,ജോൺസൺ ചെറുവള്ളിൽ, ബെന്നി കിണറ്റുകര, ജോസ് സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഗ്ലോബൽ ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ, ട്രഷറർ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഡോ കെ എം ഫ്രാൻസിസ്, ഫിലിപ്പ് വെളിയത്ത്, ജോൺസൺ തൊഴുത്തുങ്കൽ, ഡോ ചാക്കോ കാളംപറമ്പിൽ, അഡ്വ ബോബി ബാസ്റ്റിൻ, ഡോ ജോബി കാക്കശ്ശേരി തുടങ്ങി ഗ്ലോബൽ, രൂപത ഭാരവാഹികൾ നേതൃത്വം നൽകി.