News - 2024

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ രൂപം ഇന്തോനേഷ്യയില്‍

പ്രവാചകശബ്ദം 24-09-2024 - Tuesday

ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിൻ്റെ രൂപം എന്ന റെക്കോര്‍ഡ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയ്ക്കു സ്വന്തം. സമോസിർ റീജൻസിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നില്‍ സ്ഥിതി ചെയ്യുന്ന രൂപത്തിന് 61 മീറ്റർ ഉയരമാണുള്ളത്. സെപ്തംബർ 19ന് ബന്ദൂങ്ങിലെ ഇന്തോനേഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡൻ്റ് അൻ്റോണിയസ് സുബിയാൻ്റോയാണ് രൂപം അനാവരണം ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പ സന്ദർശനം നടത്തിയപ്പോൾ ജക്കാർത്തയിലെ വത്തിക്കാൻ എംബസിയിൽ ഫ്രാൻസിസ് മാർപാപ്പ മിനിയേച്ചർ രൂപം ആശീര്‍വദിച്ചിരിന്നു. ഇതിനു ശേഷമാണ് രൂപം അനാച്ഛാദനം ചെയ്തതെന്ന് ബിഷപ്പ് അൻ്റോണിയസ് ബഞ്ചമിൻ പറഞ്ഞു. ഇത് ദൈവം അനുഗ്രഹിച്ച ഒരു കുന്നാണ്, ഇത് ആളുകളുടെ വിശ്വാസം ശക്തിപ്പെടുത്താൻ കഴിയുന്ന സ്ഥലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ രൂപത്തിനേക്കാള്‍ 20 മീറ്ററോളം ഉയരത്തിലാണ് ഇന്തോനേഷ്യയിലെ യേശുവിൻ്റെ രൂപം സ്ഥിതി ചെയ്യുന്നത്. 39.6 മീറ്ററാണ് റിയോ ഡി ജനീറോയിലെ രൂപത്തിന്റെ ഉയരം. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. എണ്ണത്തില്‍ 86 ലക്ഷത്തോളമാണ് ഇന്തോനേഷ്യയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം.


Related Articles »