News - 2025
അടുത്ത യുവജന ദിനാഘോഷങ്ങളുടെ പ്രമേയം വത്തിക്കാന്‍ പരസ്യപ്പെടുത്തി
പ്രവാചകശബ്ദം 25-09-2024 - Wednesday
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷവും 2027-ലുമായി നടക്കാൻ പോകുന്ന യുവജന ദിനങ്ങളുടെ പ്രമേയങ്ങൾ ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തു. ഇന്നലെ ചൊവ്വാഴ്ചയാണ് (24/04/24) പരിശുദ്ധ സിംഹാസനം ഇത് പരസ്യപ്പെടുത്തിയത്. “നിങ്ങൾ എന്നോടു കൂടെയാകയാൽ നിങ്ങളും സാക്ഷ്യം നല്കുവിൻ” എന്നതാണ് 2025 -ൽ രൂപതാതലത്തിൽ ആചരിക്കപ്പെടുന്ന യുവജന ദിനത്തിനായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. യോഹന്നാൻറെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ് ഇതിന്റെ അടിസ്ഥാനം.
2027-ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ ആഗോള സഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോക യുവജനദിനത്തിനുള്ള പ്രമേയം “ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനാറാം അധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെ വാക്യത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാക്യം തെരഞ്ഞെടുത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുവജന കൂട്ടായ്മയായി മാറിയ ആഗോള യുവജനസംഗമത്തിനു നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
നാൽപ്പതു വർഷങ്ങൾക്കു മുൻപ് 1984, ഏപ്രിൽ14, 15 തീയതികളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, അന്നത്തെ പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജന സംഗമം നടന്നത്. 1984 ലെ ആദ്യ യുവജനസംഗമത്തിൽ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമൻ കുടുംബങ്ങൾ തങ്ങളുടെ വീടുകളിലാണ് ഇവർക്കെല്ലാം ആതിഥേയത്വം ഒരുക്കിയെന്നതു ശ്രദ്ധേയമായിരിന്നു. ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷകണക്കിന് യുവജനങ്ങളാണ് യുവജന സംഗമത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്.