News - 2025

ഒക്ടോബർ 7 ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം

പ്രവാചകശബ്ദം 02-10-2024 - Wednesday

വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുന്ന ഒക്ടോബർ 7 തിങ്കളാഴ്ച സമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഇന്ന് ഒക്ടോബര്‍ 2 രാവിലെ സിനഡ് അസംബ്ലിയുടെ രണ്ടാം സെഷൻ്റെ ഉദ്ഘാടന കുർബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനു ഉപവാസ പ്രാർത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.

ഒക്ടോബർ 7-ന്, ലോകസമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ഒരു ദിവസം ആചരിക്കാൻ ഞാൻ എല്ലവരോടും അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കർത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. അടുത്ത ഞായറാഴ്ച, ഒക്ടോബർ 6-ന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാന്‍ സാന്താ മരിയ റോമൻ ബസിലിക്കയിലേക്ക് പോകുമെന്നും സൂചിപ്പിച്ചു.

ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്‌ടോബർ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു.

കഴിഞ്ഞ രാത്രി ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിയതോടെ വലിയ സംഘര്‍ഷ ഭീതിയിലാണ് വിശുദ്ധ നാട്. യുദ്ധത്തിൻ്റെ ആരംഭം മുതൽ, ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിനായി അഭ്യർത്ഥിക്കുകയും സംഘർഷം അവസാനിപ്പിക്കാൻ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »