News - 2025

"നിരപരാധികളുടെ കൊലപാതകം"; പുതിയ ഭ്രൂണഹത്യ നിയമത്തിനെതിരെ മെക്സിക്കന്‍ സഭ

പ്രവാചകശബ്ദം 11-10-2024 - Friday

മെക്സിക്കോ സിറ്റി: 12 ആഴ്ച വരെയുള്ള ഗര്‍ഭിണികള്‍ക്ക് ഗർഭഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമനിർമ്മാണ സഭയുടെ സമീപകാല തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയുടെ തലസ്ഥാനമായ ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ നിയമ നിര്‍മ്മാണത്തെ "നിരപരാധികളുടെ കൊലപാതകം" എന്നാണ് വിശേഷിപ്പിച്ചത്. ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം, ഭ്രൂണഹത്യ സംബന്ധിക്കുന്ന ജാലിസ്കോ സംസ്ഥാന നിയമം ഒക്ടോബർ 4ന് ഭേദഗതി ചെയ്തിരിന്നു.

"ഗർഭധാരണം അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ അവകാശം" എന്ന നിലയിൽ ഭ്രൂണഹത്യയെ വ്യാപിപ്പിക്കുവാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്താണ് വിളിക്കേണ്ടത്? "നിരപരാധികളെ കൊലപ്പെടുത്തുക" എന്നതാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. നിയമനിർമ്മാതാക്കളുടെ പ്രവർത്തനം ജീവനെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അത് അവസാനിപ്പിക്കുന്നതിലാകരുത്. ഒരു ദിവസം അവർ ദൈവമുമ്പാകെ നിൽക്കുകയും നിരപരാധികളുടെ ജീവൻ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നിയമം പാസാക്കിയത് എന്തുകൊണ്ടാണെന്ന് ഉത്തരം പറയേണ്ടിവരുമെന്നും കർദ്ദിനാൾ മുന്നറിയിപ്പ് നൽകി.

12 ആഴ്ച വരെ ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമല്ലാതാക്കുന്ന 11-ാമത്തെ മെക്സിക്കൻ സംസ്ഥാനമാണ് ജാലിസ്കോ. മുൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിൻ്റെ ഈയടുത്ത് അവസാനിച്ച ആറ് വർഷത്തെ ഭരണകാലത്ത് മെക്സിക്കോയിൽ ഗർഭഛിദ്രം ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിനുള്ള നീക്കം ത്വരിതഗതിയിലായിരിന്നു. അദ്ദേഹത്തിൻ്റെ പാർട്ടിയായ നാഷ്ണൽ റീജനറേഷൻ മൂവ്‌മെൻ്റ് (മൊറേന), ഭ്രൂണഹത്യയ്ക്കു അനുകൂലമായ നിയമനിർമ്മാണത്തിനായി പല സംസ്ഥാനങ്ങളിലും ഇടപെടലുകള്‍ നടത്തിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »