News

"പരിശുദ്ധാത്മാവിന്റെ അപ്പസ്തോല" നാളെ വിശുദ്ധ പദവിയിലേക്ക്

പ്രവാചകശബ്ദം/ ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് 19-10-2024 - Saturday

വത്തിക്കാന്‍ സിറ്റി: "പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല" എന്നറിയപ്പെടുന്ന മദർ എലേന ഗ്വെറയെ നാളെ ഒക്ടോബർ 20ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. ഇറ്റാലിയൻ സന്യാസിനിയും, പരിശുദ്ധാത്മാവിന്റെ ഒബ്ലേറ്റ്‌സ് സന്യാസ സമൂഹത്തിന്റെ സ്ഥാപകയുമായിരുന്ന മദർ എലേന, ലെയോ പതിമൂന്നാം മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗലാനിയുടെ അധ്യാപികയുമായിരുന്നു. പരിശുദ്ധാത്മാവിനോടുള്ള ദൃഢമായ ബന്ധത്തിലൂടെ സഭയ്ക്കുള്ളിൽ പരിശുദ്ധാത്മാവിനോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിനായി വലിയ പങ്ക് വഹിക്കാൻ അവൾക്കു കഴിഞ്ഞിരിന്നു. പെന്തക്കുസ്താതിരുനാളിനൊരുക്കമായി കത്തോലിക്കർ നൊവേന ചൊല്ലി പ്രാർത്ഥിക്കണം എന്ന ആഹ്വാനത്തിനു മഹാനായ ലിയോ പതിമൂന്നാമൻ മാർപാപ്പയെ പ്രേരിപ്പിച്ചത് മദർ എലേനയാണ്.

1835 ജൂൺ 23-ന് ഇറ്റലിയിലെ ലൂക്കയിൽ അടിയുറച്ച കത്തോലിക്ക കുടുംബത്തിൽ ജനിച്ച എലേന കൗമാരപ്രായത്തിനുശേഷം ഏറെനാൾ ഒരു മാരകരോഗം പിടിപെട്ട് രോഗക്കിടക്കയിലായിരുന്നു. ഈ നാളുകൾ വചനം പഠിക്കാനും സഭാപിതാക്കന്മാരുടെ എഴുത്തുകൾ വായിക്കാനുമുളള ഒരു അവസരമാക്കി അവർ മാറ്റി. രോഗസൗഖ്യം ലഭിച്ചതിനുശേഷം പിതാവിനോടൊപ്പം റോമിലേയ്ക്ക് നടത്തിയ ഒരു തീർത്ഥാടനത്തിലാണ് തനിക്ക് സന്യാസ ജീവിതത്തിലേക്ക് വിളിയുണ്ടെന്ന് എലേന മനസ്സിലാക്കുന്നത്. 1870 ജൂൺ 23 തീയതി ഒമ്പതാം പിയൂസ് മാർപാപ്പയെ എലേന കണ്ടു.

ഇരുപത്തിരണ്ടാം വയസിൽ സന്യാസജീവിതത്തിലേക്ക് പ്രവേശിച്ച എലേന, സഭയ്ക്ക് പരിശുദ്ധാത്മാവിനോടുള്ള അഗാധമായ അറിവ് നൽകണമെന്ന ആഗ്രഹത്തോടെ 1882-ൽ പരിശുദ്ധാത്മാവിന്റെ ഒബ്ലേറ്റ്‌സ് എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. യുവതികളുടെ വിദ്യാഭ്യാസവും പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ പ്രചാരണവും അവരുടെ സന്യാസ സമൂഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ആയിരുന്നു.

ലിയോ 13-ാമന്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ, സഭ പരിശുദ്ധാത്മാവിനോടുള്ള ഭക്തിയിൽ കൂടുതൽ വളരേണ്ടതുണ്ടെന്ന് അവൾക്കു ബോധ്യമായി.

പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 1895നും 1903നുമിടയിൽ നിരവധി കത്തുകളാണ് എലേന, അന്നത്തെ മാര്‍പാപ്പയായിരിന്ന ലിയോ മാർപാപ്പയ്ക്ക് അയച്ചത്. എലേനയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇക്കാലയളവിൽ പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന മൂന്ന് രേഖകൾ പാപ്പ പ്രസിദ്ധീകരിച്ചു. 1897-ൽ Divinum Illud Munus എന്ന ചാക്രികലേഖനത്തിലൂടെ സഭാ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പങ്കിനെ കുറിച്ചുള്ള പ്രബോധനം ഊട്ടിയുറപ്പിച്ചു. ഇവരുടെ പ്രചോദനത്താൽ പരിശുദ്ധാത്മാവിനോടുള്ള നൊവേനയുടെ പാരമ്പര്യം വീണ്ടും സഭയിൽ പുനഃസ്ഥാപിക്കപ്പെട്ടു.

1914 ഏപ്രിൽ 11-ന് മദർ എലേന വിടവാങ്ങി. ഒബ്ലേറ്റ്സ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസി സമൂഹം ആഫ്രിക്ക, ഏഷ്യ, യുറോപ്പ്, വടക്കേ അമേരിക്ക എന്നീ ദൂഖണ്ഡങ്ങളിൽ പ്രവർത്തനനിരതമാണ്. പരിശുദ്ധാത്മാവിനോടുള്ള തീക്ഷ്ണമായ ഭക്തിയാലും ആദ്ധാത്മിക രചനകളാലും അവൾ ഇന്നും ഓർമ്മിക്കപ്പെടുന്നു.

മദർ ഏലേനയുടെ അഭിപ്രായത്തിൽ "പന്തക്കുസ്താ അവസാനിച്ചിട്ടില്ല, വാസ്തവത്തിൽ, ഇത് എല്ലാ സമയത്തും എല്ലായിടത്തും തുടർച്ചയായി നടക്കുന്നു, കാരണം പരിശുദ്ധാത്മാവ് എല്ലാ മനുഷ്യർക്കും തന്നെത്തന്നെ നൽകാൻ ആഗ്രഹിച്ചു, അവനെ ആഗ്രഹിക്കുന്ന എല്ലാവർക്കും അവനെ എപ്പോഴും വേണമെങ്കിലും സ്വീകരിക്കാൻ കഴിയും, അതിനാൽ നമുക്ക് അപ്പോസ്തലന്മാരോടും ആദിമസഭയിലെ വിശ്വാസികളോടും അസൂയപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ അവരെപ്പോലെ നാം പെരുമാറിയാൽ മതി, അവൻ അവരോട് അരുളി ചെയ്തതുപോലെ നമ്മുടെ അടുക്കൽ വരും."

നാമകരണത്തിന് കാരണമായ അത്ഭുതം: ‍

ബ്രസീലിലെ ഉബർലാൻഡിയയിൽ പൗലോ എന്ന വ്യക്തിയ്ക്കു സംഭവിച്ച അത്ഭുതമാണ് നാമകരണ പ്രക്രിയ വേഗത്തിലാക്കിയത്. 2010-ല്‍ മരത്തിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്ന് കോമയിലായിരിന്നു. ക്രാനിയോടോമി, ഡീകംപ്രഷൻ ശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയനായ ശേഷം, ഇദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ വഷളായിയിരിന്നു. മരത്തില്‍ നിന്നുള്ള വീഴ്ചയ്ക്ക് 10 ദിവസത്തിന് ശേഷം മസ്തിഷ്ക മരണം ഏകദേശം ഉറപ്പിച്ചിരിന്നതാണ്. അദ്ദേഹം കോമ സ്റ്റേജിലായിരിക്കുമ്പോൾ, കരിസ്മാറ്റിക് പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങൾ പൗലോയുടെ സൌഖ്യത്തിനായി പ്രാർത്ഥന സംഘടിപ്പിച്ചു.

പ്രത്യേകിച്ചു വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥതയാലാണ് പൗലോയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചത്. വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥത്താല്‍ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം പത്താം ദിവസം, ഡോക്ടർമാർ അദ്ദേഹത്തിൻ്റെ അവസ്ഥയിൽ അപ്രതീക്ഷിതമായ പുരോഗതി കണ്ടെത്തുകയായിരിന്നു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ മാറ്റങ്ങളോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 13-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് മെഡിക്കല്‍ രേഖകളുടെയും വിശദമായ പഠനത്തിന്റെയും വെളിച്ചത്തില്‍ അത്ഭുതം ഔദ്യോഗികമായി അംഗീകരിച്ചത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »