India - 2025
പടക്ക ഉപയോഗ നിയന്ത്രണം: പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യമെന്ന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍
പ്രവാചകശബ്ദം 20-10-2024 - Sunday
കൊച്ചി: വെടിമരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേയ്ക്ക് നയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ഉചിതമാണെന്നും ഈ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിന് നൽകിയിരിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യമാണെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍. പടക്ക ഉപയോഗം നിയന്ത്രിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത കമ്മീഷന്‍ കുറിപ്പ് പുറത്തുവിടുന്നതെന്ന് ആമുഖത്തില്‍ പറയുന്നു.
വൻതോതിൽ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ടുകളും ആഘോഷങ്ങളും ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സുപ്രീം കോടതിയുടെ ദീർഘകാല ഇടപെടലുകളെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പലപ്പോഴായി നൽകിയിട്ടുള്ളതാണ്. 2016 മുതൽ സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുള്ള വിവിധ ഹർജികൾ പ്രകാരം ഈ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴായി ഉയർന്നിട്ടുള്ള ഇത്തരം നിർദ്ദേശങ്ങൾ പ്രകാരം ചില സംസ്ഥാനങ്ങൾ വെടിമരുന്ന് ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
ഡൽഹി, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ 2020 -21മുതൽ വെടിമരുന്ന്/ പടക്ക ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളാണ് ഹരിയാനയും പഞ്ചാബും. ഭാഗികമായ നിയന്ത്രണങ്ങൾ നിലവിലുള്ള സംസ്ഥാനങ്ങൾ കേരളമുൾപ്പെടെ പലതുണ്ട്.
പടക്ക ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ദീപാവലിക്ക് മുമ്പ് (ഒക്ടോബർ മാസത്തിൽ) സംസ്ഥാന മാലിന്യ നിർമ്മാർജ്ജന വകുപ്പും ദേശീയ ഹരിത ട്രൈബ്യൂണലും സ്ഥിരമായി നൽകിവരുന്നതായി 2021 മുതലുള്ള വിവിധ മാധ്യമ റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാണ്.
ദീപാവലി ആഘോഷം കൂടുതൽ വെടിമരുന്ന് ഉപയോഗത്തിന് വഴിവയ്ക്കുന്നതായുള്ള നിരീക്ഷണങ്ങളായിരിക്കണം അപ്രകാരം ഒരേ അവസരത്തിൽ ഈ നിർദ്ദേശം ആവർത്തിക്കാനുള്ള കാരണം. ദീപാവലി ആഘോഷത്തിന് പുറമെ പടക്കങ്ങൾക്ക് ഉപയോഗ സാധ്യത കൂടുതലുള്ള ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ അവസരങ്ങളെക്കുറിച്ചും ഉത്തരവിൽ പ്രത്യേക പരാമർശങ്ങളുണ്ട്. എന്നാൽ, ഏതെങ്കിലും മതവിഭാഗത്തെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള നിർദേശങ്ങളെന്ന് ഇവയെ കരുതുന്നത് യുക്തമല്ല.
നിലവിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെകൂടി അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങൾ പ്രകാരം, കരിമരുന്ന് കലാ പ്രകടനങ്ങൾക്ക് സമയപരിധിയും ഉപയോഗിക്കാവുന്ന പടക്കങ്ങൾക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമായും ഉയർന്ന മലിനീകരണത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഒഴിവാക്കിയുള്ള പടക്കങ്ങളാണ് ഉപയോഗിക്കാനാവുന്നതായുള്ളത്.
കാർബൺ, അലുമിനിയം, ബേരിയം തുടങ്ങിയ അടിസ്ഥാന പദാർത്ഥങ്ങൾ ഇത്തരം ഉൽപ്പന്നങ്ങളിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 160 ഡെസിബെൽ വരെ ശബ്ദം സൃഷ്ടിച്ചിരുന്ന മുൻകാല കരിമരുന്ന് ഉൽപ്പന്നങ്ങളുടെ സ്ഥാനത്ത് 125 ഡെസിബെൽ പരിധി നിശ്ചയിച്ചിട്ടുമുണ്ട്. ശബ്ദമലിനീകരണവും അതുമൂലമുള്ള പ്രതിസന്ധികളും ഇവിടെ കണക്കിലെടുത്തിരിക്കുന്നു. 2025 ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരളകത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്.
കാർബൺ ബഹിർഗമനവും പരിസ്ഥിതി, വായു മലിനീകരണവും കുറച്ചുകൊണ്ടുവരിക എന്ന ശീലം പ്രാവർത്തികമാക്കുകയാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. വെടിമരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേയ്ക്ക് നയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഈ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിന് നൽകിയിരിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യമാണ്.
ഈ നീക്കത്തെ കേരള കത്തോലിക്കാസഭയുടെ പുതിയ തീരുമാനങ്ങളുടെ വെളിച്ചത്തിൽ പ്രത്യേകമായും സ്വാഗതം ചെയ്യാവുന്നതാണ്. കത്തോലിക്കാ സംഘടനകളും വിവിധ പ്രസ്ഥാനങ്ങളും രൂപതകളും ഈ നിലപാടിനോട് യോജിച്ച് നയരൂപീകരണം നടത്തുന്നത് കാലോചിതവും യുക്തവുമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ പ്രസ്താവനയില്‍ അറിയിച്ചു.