India - 2025
കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം: പ്രോലൈഫ് അപ്പസ്തോലേറ്റ്
പ്രവാചകശബ്ദം 24-10-2024 - Thursday
കൊച്ചി: കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരിക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ സ്വാഗതം ചെയ്ത് പ്രോലൈഫ് അപ്പസ്തോലേറ്റ്. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര, തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ചൂണ്ടിക്കാട്ടി.
"കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്ക്, വലിയ കുടുംബം സന്തുഷ്ട കുടുംബം" എന്നതാണ് പ്രോലൈഫ് ജീവസമൃദ്ധി പദ്ധതിയിലൂടെ 2011 മുതൽ അവതരിപ്പിക്കുന്നത്. മനുഷ്യരാണ് സമൂഹത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സാബു ജോസ് പറഞ്ഞു.
ചെറിയ കുടുംബമെന്ന ആശയത്തിൽനിന്നു മാറി കൂടുതൽ കുട്ടികൾ വേണമെന്ന ചിന്താഗതിയിലേക്കു സമൂഹം മാറേണ്ടിവരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിന്നു. കുട്ടികളുടെ എണ്ണം കൂട്ടുന്നത് പ്രോത്സാഹിപ്പിക്കുമെന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്‌താവനയ്ക്കു പിന്നാലെയാണ് സ്റ്റാലിനും സമാന നിലപാടു സ്വീകരിച്ചത്. സമൂഹത്തിൽ പ്രായമേറിയവരുടെ എണ്ണം കൂടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് നായിഡു ഇങ്ങനെ പറഞ്ഞത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟