News - 2025
ഫ്രാൻസിസ് പാപ്പയ്ക്ക് വീൽചെയർ സമ്മാനിച്ച് കംബോഡിയയില്‍ സേവനം ചെയ്യുന്ന സ്പാനിഷ് മിഷ്ണറി
പ്രവാചകശബ്ദം 24-10-2024 - Thursday
വത്തിക്കാന്‍ സിറ്റി: മുട്ടുകാല്‍ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു വീല്‍ ചെയര്‍ ഉപയോഗിക്കുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു മരത്തില്‍ നിര്‍മ്മിച്ച വീൽചെയർ സമ്മാനിച്ച് കംബോഡിയയില്‍ സേവനം ചെയ്യുന്ന സ്പാനിഷ് മിഷ്ണറി. ജെസ്യൂട്ട് മിഷ്ണറി വൈദികനും കംബോഡിയയിലെ അപ്പസ്തോലിക് പ്രീഫെക്റ്റുമായ ഫാ. എൻറിക് ഫിഗാരെഡോയാണ് പാപ്പയ്ക്കു വ്യത്യസ്തമായ സമ്മാനം കൈമാറിയത്. സ്പാനിഷ് മിഷ്ണറിയായ അദ്ദേഹം മൂന്ന് ചക്രങ്ങളുള്ള മരം കൊണ്ട് നിർമ്മിച്ച വീല്‍ ചെയറാണ് സമ്മാനിച്ചത്. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ പങ്കെടുക്കാൻ വത്തിക്കാന്‍ സിറ്റിയിലെത്തിയ ഫാ. ഫിഗാരെഡോയ്ക്കു ഇന്നലെ ഒക്ടോബർ 23ന് പാപ്പയെ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കുകയായിരിന്നു. "ഈ കൂടിക്കാഴ്ച അത്ഭുതകരമായിരുന്നു" എന്ന്‍ വൈദികന്‍ പറയുന്നു.
എന്നെ കണ്ടപ്പോൾ, അദ്ദേഹം എന്നോട് ചോദിച്ചു: "നീ എനിക്ക് എന്താണ് കൊണ്ടുവന്നത്?" വീൽചെയർ കണ്ടപ്പോള്‍ പാപ്പ ആശ്ചര്യപ്പെട്ടുവെന്നും അത് വളരെ മനോഹരമാണെന്ന് പറഞ്ഞുവെന്നും ഫാ. എൻറിക് പറയുന്നു. പിന്നീട്, അതിൻ്റെ ചില സവിശേഷതകൾ പാപ്പയ്ക്കു കാണിച്ചുകൊടുത്തു, അദ്ദേഹം വളരെ ശ്രദ്ധയോടെയാണ് ഇത് വീക്ഷിച്ചത്. പാപ്പയോട് വീല്‍ ചെയറില്‍ ഇരിക്കാൻ ക്ഷണിച്ചു, ഇരിന്നപ്പോഴും അത് മനോഹരമാണെന്ന് പാപ്പ പറഞ്ഞുവെന്നും ഉപയോഗിക്കാനുള്ള ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചുവെന്നും വൈദികന്‍ പറയുന്നു.
40 വർഷത്തിലേറെയായി കംബോഡിയയിലെ ദരിദ്രരെ സേവിക്കുന്നതിനായി തൻ്റെ ജീവിതം സമർപ്പിച്ചു വ്യക്തിയാണ് ഫാ. എൻറിക്. ഖനി സ്‌ഫോടനങ്ങളാൽ വികൃതമായവരെ ഉള്‍പ്പെടെ ചേര്‍ത്തുപിടിച്ച് നിരവധി സന്നദ്ധ പ്രവര്‍ത്തികളില്‍ വ്യാപൃതനാണ് അദ്ദേഹം. വർഷങ്ങളായി, വികലാംഗർക്കായി വിവിധ പദ്ധതികൾ അദ്ദേഹം ആവിഷ്ക്കരിച്ചിട്ടുണ്ട്. 1991-ൽ, വികലാംഗരായ കുട്ടികൾക്കായി ഫ്നാം പെനിൽ അദ്ദേഹം ഒരു സ്കൂൾ സ്ഥാപിച്ചു. അവിടെ അവർ മെകോംഗ് വീൽചെയറുകൾ നിർമ്മിക്കുന്നുണ്ട്. ഇവിടെയാണ് ദുർബലരായ തെരുവ് കുട്ടികളെയും അനാഥരെയും വികലാംഗരെയും സ്വാഗതം ചെയ്യുന്നത്. കുട്ടികൾക്കായുള്ള വിവിധ വിദ്യാഭ്യാസ പ്രോജക്ടുകളും മുതിർന്നവരുടെ പരിശീലനവും നടത്തുന്ന സെന്‍ററിനും അദ്ദേഹം രൂപം നല്‍കിയിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟